മാലാപറന്പിലെ കുടിവെള്ള ക്ഷാമം നേരിടാൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നു
1262016
Wednesday, January 25, 2023 12:34 AM IST
പുലാമന്തോൾ : മാലാപറന്പിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ചീരട്ടാമലയിൽ നിന്നു മാലാപറന്പിലേക്ക് ഫാത്തിമപുരം എസ്റ്റേറ്റ് വഴിയുള്ള പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഷിനോസ് ജോസഫ്, ഭരണ സമിതി അംഗങ്ങളായ ലില്ലിക്കുട്ടി, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഫൈസൽ, ജെഐഎം ഐഎസ്എ സ്റ്റാഫ് ശ്രീജ, ഓവർസിയർ ജയശ്രീ എന്നിവർ പ്രസംഗിച്ചു.
പ്രദേശവാസികളായ ഇബ്രാഹിം, സുരേഷ്, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ പരിയാപുരം - പുത്തനങ്ങാടി - എംഇഎസ് ഹോസ്പിറ്റൽ വഴി ആയിരുന്നു മാലാപറന്പിലേക്ക് കുടിവെള്ളം എത്തിയിരുന്നത്.
ഈ ഭാഗങ്ങളിൽ കുടിവെള്ള കണക്ഷൻ വർധിച്ചപ്പോൾ മാലാപറന്പിലേക്ക് വെള്ളമെത്തുന്നതു കുറഞ്ഞു. ഇതു പ്രദേശവാസികൾക്കു പ്രയാസകരമായി. ഈ സാഹചര്യത്തിലാണ് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻ കൈയെടുത്തു ചീരട്ടാമലയിൽ നിന്നു ഫാത്തിമപുരം എസ്റ്റേറ്റ് വഴി മാലാപറന്പിലേക്ക് കുടിവെള്ളമെത്തിക്കാൻ പുതിയ പൈപ്പ് ലൈൻ നീട്ടാൻ തീരുമാനിച്ചത്.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് 31 ലക്ഷം രൂപയും ബാക്കി തുക ജലജീവ മിഷൻ പദ്ധതി പ്രകാരവും കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.