കിടങ്ങ് - എൽഐസി റോഡ് ശോച്യാവസ്ഥയിൽ
1262015
Wednesday, January 25, 2023 12:34 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ 34-ാം വാർഡ് നാരാങ്ങാക്കുണ്ട് - കിടങ്ങ് - എൽഐസി റോഡ് കാൽനടയാത്രക്ക് പോലും കഴിയാത്ത വിധം ദുസഹമായി. നാളേറെയായി റോഡ് ശോച്യാവസ്ഥ നേരിടുകയാണ്. നഗരസഭാധികൃതർക്ക് നാട്ടുകാർ നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരമായില്ല.
വിഷയം വാർഡ് കൗണ്‍സിലറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ല. ദിവസങ്ങൾക്കകം പരിഹാരമാകുമെന്നു പറയുകയല്ലാതെ നടപടിയില്ലെന്നു സ്ഥലവാസികൾ പറയുന്നു. കഴിഞ്ഞ മഴയോടു കൂടി റോഡ്് പൊട്ടിപൊളിഞ്ഞ് വലിയ കുഴികളായി മാറിയിരിക്കുകയാണ്. വാഹനങ്ങൾ കുഴിയിൽ ചാടി തകരാറിലാകുന്നതും നിത്യസംഭവമാണ്. നൂറിലേറെ കുടുംബങ്ങൾക്കുള്ള സഞ്ചാരമാർഗമാണിത്. പ്രദേശത്തെ ഗവണ്മെന്റ് എൽപി സ്കൂൾ (മണ്ടോടി സ്കൂൾ), എൽഐസി ഓഫീസ്, മദ്രസ, വിസ്മയ സിനിമാസ് തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് കൂടിയുള്ള വഴിയാണിത്.
അടിയന്തരമായി റോഡ് അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.