ഉത്സവ പ്രതീതിയിൽ ഭിന്നശേഷി കുട്ടികളുടെ ആട്ടവും പാട്ടും
1246423
Tuesday, December 6, 2022 11:43 PM IST
മഞ്ചേരി : എഴുപത്തഞ്ചോളം വരുന്ന ഭിന്നശേഷി വിദ്യാർഥികൾ ആട്ടവും പാട്ടുമായി നടത്തിയ പ്രകടനം ഉത്സവ പ്രതീതി തീർത്തു. മഞ്ചേരി മുള്ളന്പാറയിലെ വിത്ത് സ്കൂൾ ഫോർ മെന്റലി ചാലഞ്ച്ഡ്ലാണ് വ്യത്യസ്ഥമായ പ്രകടനം അരങ്ങേറിയത്.
മാനസിക വെല്ലുവിളി നേരിടുന്ന 168 കുട്ടികൾ അധ്യയനം നടത്തുന്ന സ്ഥാപനത്തിൽ നാൽപ്പതു പേർ താമസിച്ചാണ് പഠനം നടത്തുന്നത്. ഏഴു വയസിനും 38 വയസിനുമിടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകിയത് അഷ്റഫ് കൂട്ടായ്മ മണ്ഡലം കമ്മിറ്റിയാണ്. കുട്ടികൾക്ക് ഭക്ഷണം കഴിക്കാനാവശ്യമായ പ്ലേറ്റുകളും ഗ്ലാസുകളും കമ്മിറ്റി സംഭാവനയായി നൽകി. മാത്രമല്ല എല്ലാവർക്കും ഉച്ചഭക്ഷണവും കൂട്ടായ്മ ഒരുക്കിയിരുന്നു. സി.സി അബ്ദുൾ ലത്തീഫ്, കുരിക്കൾ കുഞ്ഞാപ്പുട്ടിഹാജി, മണ്ഡലം സെക്രട്ടറി അഷ്റഫ് പുല്ലൂർ എന്നിവർ പ്രിൻസിപ്പൽ ആർ. രാജന് ഫണ്ട് കൈമാറി. മുള്ളന്പാറ മഹല്ല് ഖാസി അബ്ദുൾബാരി ഫൈസി മീനാർകുഴി മുഖ്യാതിയായ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സെഞ്ച്വറി അഷ്റഫ്, ജോയിന്റ് സെക്രട്ടറി അഷ്റഫ് മഞ്ചേരി, കെവിഎം അഷ്റഫ്, മഞ്ചുരുളി അഷ്റഫ്, അഷ്റഫ് പാപ്പിനിപ്പാറ, അഷ്റഫ് മോങ്ങം, അഷ്റഫ് നെല്ലിക്കുത്ത് എന്നിവർ പ്രസംഗിച്ചു. നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് സൗജന്യമായാണ് പ്രവേശനം നൽകുന്നത്.