ഹോക്കി ചാന്പ്യൻഷിപ്പ്: കടുങ്ങപുരം സ്കൂൾ ജേതാക്കൾ
1246417
Tuesday, December 6, 2022 11:42 PM IST
പുഴക്കാട്ടിരി: ഹോക്കി കേരള, മലപ്പുറം നവോദയ വിദ്യാലയത്തിൽ സംഘടിപ്പിച്ച ജില്ലാ സബ്ജൂണിയർ ഗേൾസ് ഹോക്കി ടൂർണമെന്റിൽ കടുങ്ങപുരം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി അഞ്ചാം തവണയും ജേതാക്കളായി.
ഫൈനലിൽ പാങ്ങ് ജിഎച്ച്എസ്എസിനെ 1-0 കീഴടക്കിയാണ് കടുങ്ങപുരം വിജയിച്ചത്. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന സംസ്ഥാന മത്സരത്തിൽ കടുങ്ങപുരം മൂന്നാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന താരങ്ങളായ സി.ശ്രേയ, എ.സ്നേഹ, പി.അഭില, സി.കെ. അയിശസന, പി. അതുല്യ എന്നിവർ ടീമംഗങ്ങളായിരുന്നു.
മലപ്പുറം ഹോക്കി സ്കൂൾ ഗെയിംസ് ഫെഡറേഷൻ സംഘടിപ്പിച്ച ജില്ലാ ടൂർണമെന്റുകളിൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗം ചാന്പ്യൻഷിപ്പുകൾ തുടർച്ചയായി വിജയം നേടുന്നതും കടുങ്ങപുരം വിദ്യാലയമാണ്. ഹോക്കി, കബഡി, ഫുട്ബോൾ, നെറ്റ് ബോൾ എന്നിവയിൽ നിരവധി ദേശീയ, സംസ്ഥാനതാരങ്ങളെ സൃഷ്ടിച്ച വിദ്യാലയത്തിന് മികച്ച കളിസ്ഥലവും ഉപകരണങ്ങളും ലഭിച്ചാൽ ഉന്നത വിജയങ്ങൾ നേടാൻ കായിക താരങ്ങൾക്കു സാധിക്കുമെന്നു പരിശീലകരായ വി.സജാത് സാഹിർ, എം.അമീറുദീൻ, എന്നിവർ അറിയിച്ചു. നൂറു വർഷം പിന്നിട്ട വിദ്യാലയത്തിനു ഈ വിജയം സമർപ്പിക്കുന്നുവെന്നു ക്യാപ്റ്റൻ കെ.സൂര്യ അറിയിച്ചു. വിജയികൾക്കു കേരള ഹോക്കി ജില്ലാ പ്രസിഡന്റ് പാലോളി അബ്ദുറഹ്മാൻ ട്രോഫികൾ വിതരണം ചെയ്തു. സംസ്ഥാന സബ് ജൂണിയർ ഗേൾസ് ചാന്പ്യൻഷിപ് മലപ്പുറത്ത് സംഘടിപ്പിക്കുമെന്നു സെക്രട്ടറി എം.ഉസ്മാൻ അറിയിച്ചു.