ടിവിയിൽ ലോകകപ്പ് കാണാൻ പോകുന്നതിനിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു
1245836
Monday, December 5, 2022 12:10 AM IST
തേഞ്ഞിപ്പലം: ടിവിയിൽ ലോകകപ്പ് ഫുട്ബോൾ കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണുവിദ്യാർഥി മരിച്ചു. പെരുവള്ളൂർ കാടപ്പടി നജാത്ത് ദഅവ കോളജിലെ രണ്ടാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥി നാദിർ (17) ആണ് മരിച്ചത്. കോഴിക്കോട് മാവൂർ സ്വദേശി കണ്ണംപിലാക്കൽപറന്പിൽ ഹംസക്കോയയുടെയും നഫീസയുടെയും മകനാണ്. ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ഉങ്ങുങ്ങലിലുള്ള കോളജ് ഹോസ്റ്റലിൽ നിന്നു കളി കാണാൻ പോകവെ സമീപത്തെ ചാലിപ്പാടത്തുള്ള കിണറ്റിലാണ് നാദിർ വീണത്. പരിചയമില്ലാത്ത സ്ഥലമായതിനാൽ തെരുവുനായ്ക്കളെകണ്ടപ്പോൾ മാറി നിൽക്കവെ ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം. കോഴിക്കോട് മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.