വിഴിഞ്ഞം പദ്ധതി ! മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം: കേരള കോണ്ഗ്രസ്
1245540
Sunday, December 4, 2022 12:45 AM IST
പെരിന്തൽമണ്ണ: വിഴിഞ്ഞം തുറമുഖ പദ്ധതി മൂലമുണ്ടായ മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടന്ന ന്യായമായ സമരത്തിൽ പങ്കെടുത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും മതമേലധ്യക്ഷൻമാർക്കും എതിരായ കള്ളക്കേസുകൾ പിൻവലിച്ച് ചർച്ചയിലൂടെ ശാശ്വത പരിഹാരം കാണണമെന്നും കേരള കോണ്ഗ്രസ് പെരിന്തൽമണ്ണ നിയോജക മണ്ഡലം കണ്വൻഷൻ ആവശ്യപ്പെട്ടു.
നീതിപൂർവവും സമാധാനപരവുമായി നടന്ന സമരത്തിനിടയിൽ അക്രമം അഴിച്ചുവിട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കണ്വൻഷൻ ആവശ്യപ്പെട്ടു. റബർ വിലയിടിവുമൂലം കഷ്ടപ്പെടുന്ന കർഷകർക്ക് സർക്കാരിൽ നിന്നു സബ്സിഡി ലഭ്യമാക്കുക, പച്ച തേങ്ങ സംഭരണം പഞ്ചായത്തടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ജോസഫ് കൂത്രപ്പള്ളി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
നിയോജ കമണ്ഡലം പ്രസിഡന്റ് കെ.വി ജോർജ് ചിറത്തലയാട്ട് അധ്യക്ഷത വഹിച്ചു. ജോജോ മാത്യു, വിൻസി അനിൽ, റോജോ മേടയിൽ, അനിൽ കൂത്രപള്ളി, ജോസഫ് കുന്നേൽ, കെ.എം ലൂക്കോസ്, ദേവസ്യ പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
നിയോജക മണ്ഡലം പുതിയ ഭാരവാഹികളായി കെ.വി. ജോർജ് ചിറത്തലയാട്ട്, (പ്രസിഡന്റ്), ആന്റണി കുന്നേൽ (വൈസ്പ്രസിഡന്റ്), റോജോ മേടയിൽ (സെക്രട്ടറി), ബിന്ദു ജോസഫ്, ദേവസ്യ പുളിമൂട്ടിൽ (ജോയിന്റ് സെക്രട്ടറി), അനിൽ കൂത്രപ്പള്ളി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.