എംഇഎസ് ആരോഗ്യഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന്
1242995
Friday, November 25, 2022 12:06 AM IST
പെരിന്തൽമണ്ണ: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തും എംഇഎസ് മെഡിക്കൽ കോളജും സംയുക്തമായി ’എംഇഎസ് ആരോഗ്യഗ്രാമം’ പദ്ധതി ആരംഭിക്കുന്നു. പദ്ധതി പ്രകാരം 25 വീടുകൾ വീതമുള്ള ആരോഗ്യ ക്ലസ്റ്ററുകളായി സംഘടിപ്പിക്കുകയും ഓരോ ക്ലസ്റ്ററുകളിലെയും അംഗങ്ങളും മെഡിക്കൽ കോളജിൽ നിന്നു ചുമതലപ്പെടുത്തുന്ന വിദ്യാർഥികളും ഡോക്ടർമാരും ഒത്തുചേർന്നു ചർച്ചയിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും പ്രദേശത്തെ ആളുകളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം പരിസരശുചിത്വം, പോഷകാഹാരം, ജീവിതശൈലി, മാനസികാരോഗ്യം, ലഹരി ആസക്തികൾ, പരസ്പരവ്യക്തി ബന്ധങ്ങൾ, സാമൂഹ്യ ഉത്തരവാദിത്വം, രോഗ പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ തുടർച്ചയായ ഇടപെടലുകൾ സാധ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് മൂന്നിനു എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ നിർവഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ അധ്യക്ഷത വഹിക്കും. മെഡിക്കൽ കോളജ് പ്രിൻസിലും ഡീനുമായ ഡോ.ഗിരീഷ്രാജ് മുഖ്യപ്രഭാഷണം നടത്തും. എംഇഎസ് ആരോഗ്യ പദ്ധതിയുടെ ചുമതല വഹിക്കുന്ന പ്രഫ. മുബാറക്ക്സാനി പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കും. എംഇഎസ് മെഡിക്കൽ കോളജും പഞ്ചായത്തുമായുള്ള കരാർ കോളജ് സൂപ്രണ്ട് ഡോ. മുഹമ്മദ് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് പട്ടുകൂത്ത് ബാബുവിനു കൈമാറും. പദ്ധതിയിൽ ഉൾപ്പെടുന്നവർക്കുള്ള എംഇഎസ് സഹായ പദ്ധതി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ പ്രഖ്യാപിക്കും.
ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഉമ്മുകുൽസു ചക്കച്ചൻ (പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ്്), ഡോ.സെബാസ്റ്റിയൻ (ഹെഡ്, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റ്), പട്ടുകൂത്ത് ബാബു (പുഴക്കാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്്), ഡോ. ആസിഫ് അലി ഉസ്മാൻ (സ്റ്റാഫ് അഡ്വൈസർ), കമ്മ്യൂണിറ്റി മെഡിസിൻ പ്രഫ. മുബാറക്ക് സാനി എന്നിവർ പങ്കെടുത്തു.