വനം വകുപ്പിനെതിരേ താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം
1226811
Sunday, October 2, 2022 12:21 AM IST
നിലന്പൂർ: കരിന്പുഴ മുതൽ മുട്ടിക്കടവ് വരെ തെരുവു വിളക്കു സ്ഥാപിക്കാനുള്ള നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിക്ക് തടസവാദവുമായി വനം വകുപ്പ്. ഇതിനെ തുടർന്നു വനം വകുപ്പിനെതിരെ താലൂക്ക് സഭയിൽ രൂക്ഷ വിമർശനം. മാർട്ടിൻ ലോവൽ ഡിഎഫ്ഒ ആയിരുന്ന സമയത്ത് തെരുവുവിളക്ക് സ്ഥാപിക്കാൻ നൽകിയ അനുമതിക്കാണ് വനം വകുപ്പ് നിലവിൽ തടസവാദം ഉന്നയിക്കുന്നത്. നാലു തവണ വനം വകുപ്പിനെ സമീപിച്ചിട്ടും അനുമതി ലഭിക്കാത്തതിനാലാണ് പദ്ധതി വൈകുന്നതെന്നു കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.
കനോലി മുതൽ കഐൻജി റോഡിന്റെ ഇരുവശങ്ങളിലുൾപ്പെടെ തെരുവുവിളക്ക് സ്ഥാപിക്കാൻ അനുമതി നൽകിയ വനം വകുപ്പ് ഇവിടെ തടസം ഉന്നയിക്കുന്നതിനെ യോഗാധ്യക്ഷൻ ഇസ്മായിൽ എരഞ്ഞിക്കൽ ചോദ്യം ചെയ്തു.
കെഎസ്ഇബി വനം വകുപ്പിനു നൽകിയ അപേക്ഷകളുടെ കോപ്പി താലൂക്ക് സഭക്ക് നൽകാനും വീണ്ടും വനംവകുപ്പിനെ സമീപിക്കാനും യോഗം തീരുമാനിച്ചു. താലൂക്ക് സർവേ വിഭാഗം തഹസിൽദാർ ജയശ്രി, ഡെപ്യൂട്ടി തഹസിൽദാർ അരവിന്ദാക്ഷൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി. തോമസ്, സലാം ഏമങ്ങാട്, ബിനോയ് പാട്ടത്തിൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നിലന്പൂർ താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്.