അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനം
1223721
Thursday, September 22, 2022 11:14 PM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ അളക്കൽ-വിജയപുരത്തെ അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ പഞ്ചായത്ത് ഉത്തരവ് നൽകാൻ തീരുമാനം. പ്രദേശവാസികളുടെ ശക്തമായ സമരത്തെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ ഇത്തരത്തിൽ തീരുമാനമെടുത്തത്. ചാലിയാർ പഞ്ചായത്തിൽ ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിലാണ് നിർത്തിവയ്ക്കാനുള്ള ഉത്തരവ് നൽകാൻ തീരുമാനമായത്. കഴിഞ്ഞ ദിവസം പ്രദേശവാസികൾ കോഴി മാലിന്യവുമായി വന്ന വാഹനങ്ങൾ തടഞ്ഞതിനെ തുടർന്നു പഞ്ചായത്ത് അധികൃതരും പോലീസും നടത്തിയ ചർച്ചയിൽ പ്രദേശവാസികൾക്കു നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് നൽകാൻ തീരുമാനിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡനന്റ് ഗീതാ ദേവദാസ്, സെക്രട്ടറി ഷാഹുൽഹമീദ് തുടങ്ങിയവർ പങ്കെടുത്തു.