തൊഴിലാളിക്ക് മര്‍ദനം; മില്ലുടമയെ അറസ്റ്റു ചെയ്തു
1600399
Friday, October 17, 2025 6:29 AM IST
പേരൂര്‍ക്കട: തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് മില്ലുടമയെ പൂജപ്പുര പോലീസ് അറസ്റ്റുചെയ്തു. പിടിപി നഗര്‍ ഇലിപ്പോട് പൗര്‍ണമി ഫ്ളോര്‍ മില്‍ ഉടമ തുഷാന്ത് (33) ആണ് അറസ്റ്റിലായത്. തമിഴ്നാട് കന്യാകുമാരി രാജഗിരി ശിവഗിരി കാമരാജ് സ് ട്രീറ്റില്‍ മാരിയപ്പന്റെ മകന് ബാലകൃഷ്ണന്റെ (47) പരാതിയിലായിരുന്നു അന്വേഷണം. 10 വര്‍ഷമായി ബാലകൃഷ്ണന് മില്ലില്‍ ജോലിചെയ്തു വരികയാണ്. ഇതിനിടെ ഒരുവര്‍ഷത്തോളം ഇവിടെനിന്നു വിട്ടുനിന്നു.
മില്ലില്‍ തിരികെയെത്തിയശേഷമാണു തുഷാന്ത് മര്‍ദനമുറ ആരംഭിച്ചത്. ഒരുദിവസം 100 രൂപ എന്ന ക്രമത്തിലാണ് ശമ്പളം ലഭിക്കുന്നതെന്നും ഭക്ഷണം ആവശ്യപ്പെടുമ്പോഴാണ് തന്നെ മെഷീന്ബെല്റ്റ് ഉപയോഗിച്ച് മര്ദിക്കുന്നതെന്നുമാണ് ബാലകൃഷ്ണന് പൂജപ്പുര പോലീസിനു നല്കിയ പരാതിയിൽ പറയുന്നത്. അതേസമയം തന്റെ ഭാര്യയുടെ ആഭരണങ്ങള്‍ ബാലകൃഷ്ണന് മോഷ്ടിച്ചുവെന്നും ഇക്കാരണത്താലാണ് താന്‍ മര്‍ദിച്ചതെന്നുമാണ് തുഷാന്തിന്റെ വിചിത്രമായ വാദം.
മില്ലുടമ ദിവസങ്ങളായി തന്നെ ക്രൂരമായി മര്ദിച്ചുവരുന്നതായി ബാലകൃഷ്ണന്റെ പരാതിയിലുണ്ട്. പോലീസ് നടത്തിയ തുടരന്വേഷണത്തില്‍ ബാലകൃഷ്ണന്റെ ശരീരമാകെ മുറിവേറ്റ അടയാളങ്ങള്‍ കണ്ടെത്തി.സാഹചര്യത്തെളിവുകളും വ്യക്തിമൊഴികളും രേഖപ്പെടുത്തിയശേഷമാണ് തുഷാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പൂജപ്പുര സിഐ പി. ഷാജിമോന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.