മലയോര ഗ്രാമങ്ങളിൽ കാട്ടുപോത്തുകൾ ഭീതിപരത്തുന്നതായി നാട്ടുകാർ
1490522
Saturday, December 28, 2024 6:30 AM IST
കാട്ടാക്കട : മലയോര ഗ്രാമങ്ങളിൽ കാട്ടുപോത്തുകൾ ഇറങ്ങുന്നതിന്റെ ഭീതിയിൽ നാട്ടുകാർ. നെയ്യാർവന്യജീവി സങ്കേതത്തിലും അടുത്തുള്ള പേപ്പാറ സങ്കേതത്തിലും നിന്നും വരുന്ന കാട്ടുപോത്തുകളാണ് അടുത്തുള്ള ഗ്രാമങ്ങളിൽ എത്തി ഭീതി വിതയ്ക്കുന്നത്.
ഇപ്പോൾ റോഡിലിറങ്ങാൻ പോലും ഭീതിയുടെ വക്കിലാണ് നാട്ടുകാർ. ഇന്നലെയും പ്രദേശത്ത് കാട്ടുപോത്തുകളുടെ ആക്രമണം ഉണ്ടായി .നെയ്യാർഡാമിനുടുത്ത് കള്ളിക്കാട് മൈലക്കര ഏറെകോണം ശാലോമിൽ സജീവ് കുമാർ (54), മൈലക്കര കാണികോണം രജി ഭവനിൽ ചന്ദ്രൻ (66) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ആറുമണിയോടെയാണ് കള്ളിക്കാട് ഭാഗത്ത് കാട്ടുപോത്ത് ആക്രമണം നടത്തിയത്. രണ്ടു ബൈക്കുകളിലായി പോകുകയായിരുന്ന ഇവർക്കുനേരെ അഞ്ചു മിനിട്ടിന്റെ ഇടവേളയിൽ ആണ് കാട്ട്പോത്ത് ആക്രമണം നടത്തിയത്. ഇരുവരുടെയും ശരീരത്തിൽ പരിക്കുണ്ട്. പരാക്രമം കാണിച്ച കാട്ട് പോത്ത് ഉൾക്കാട്ടിലേക്ക് ഓടി മറഞ്ഞു.
കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് മുൻപ് കള്ളിക്കാട് ഭാഗത്ത് കാട്ടുപോത്തുകൾ ഇറങ്ങി ഭീതി പടർത്തിയിരുന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപത്തെ നെയ്യാർ കാടുകളിൽ നിന്നാണ് കാട്ടുപോത്ത് പ്രദേശത്തേക്ക് ഇറങ്ങിയത് എന്നാണ് നിഗമനം.