കവിഹൃദയംതൊട്ട് കുഞ്ഞരങ്ങ്
1490512
Saturday, December 28, 2024 6:26 AM IST
തിരുവനന്തപുരം: ഇനിയുമൊരവതാരം ഉണ്ടെങ്കിൽ കൃഷ്ണ... നീ ഇടയനായ് തന്നെ ജനിക്കേണം... അരചന്മാർ ചൂതു കളിക്കുന്ന ഹസ്തിനപുരി; അരുതാത്തതെല്ലാം പണയം വയ് ക്കുന്ന ഹസ്തിനപുരി.... അധികാരത്തിന്റെ ചൂതുകളിയും നൂറു നൂറു ദ്രൗപതിമാരുടെ നിലവിളിയും വിഷമൂറുന്ന തീക്കാറ്റും ആളിപ്പടരുന്ന പുതിയ ഹസ്തിനപുരി.
ഇവിടെ മനുഷ്യരുടെ തപശക്തി ഉണർത്തുവാൻ; പാഞ്ചജന്യം മുഴക്കുവാൻ, കൃഷ്ണനോടു അപേക്ഷിക്കുകയാണ് ഒ.എൻ.വി. ആ പ്രിയ കവിയെ, ഒ.എൻ.വി.യെ വീണ്ടും അനുഭവിക്കുകയായിരുന്നു ഇന്നലെ തൈക്കാട് ഗണേശത്തിലെ സന്ധ്യ. പാർവതി എന്ന വിദ്യാർഥിനി പ്രഫ. ഒ.എൻ.വി. കുറുപ്പിന്റെ ഇനിയുമൊരവതാരം ഉണ്ടെങ്കിൽ എന്ന കവിത ചൊല്ലിയപ്പോൾ... സൂര്യ മേളയുടെ ഭാഗമായി ഇന്നലെ നടന്ന കാവ്യവേദിയുടെ കുഞ്ഞരങ്ങിന്റെ കാവ്യാലാപനം അവിസ്മരണീയമായി.
കവി വിശ്വംഭരൻ രാജസൂയത്തിന്റെതായിരുന്നു ഏകോപനം. യദുവംശത്തിലെ ഇടയനായി വീണ്ടും ജനിക്കുവാൻ കൃഷ്ണനോടു പറയുന്ന കവിയുടെ ഹൃദയതാളം അതുപോലെ ആവാഹിച്ചായിരുന്നു പാർവതിയുടെ ആലാപനം.
ചങ്ങന്പുഴയുടെ കാവ്യാംഗനയുടെ മതിമോഹനനടനം മുഴുവൻ അമൃത ചൊല്ലിയ കാവ്യനർത്തകിയിൽ നിറഞ്ഞു. അന്പാടിയിലെ കൊച്ചു മണ്കുടിലിൽ ഒറ്റയ്ക്കിരിക്കുന്ന പാവം ഗോപികയുടെ വിങ്ങൽ സുഗതകുമാരി അനുഭവിപ്പിച്ച കൃഷ് ണ നീ എന്നെ അറിയില്ല... സ്വാതി ലക്ഷ്മി ചൊല്ലിയപ്പോഴും അതേ വിങ്ങൽ.!
സുഗതകുമാരിയുടെ തന്നെ രാത്രിമഴ അനന്യയും ഒരു വൃന്ദാവനരംഗം ഗായത്രിയും അനുരാഗം എന്ന കവിത അനഘ എസ്. നായരും ഭാവാത്മകമായി അവതരിപ്പിച്ചു. വയലാറിന്റെ സർഗസംഗീതത്തിന്റെ അമൃതധാര സാവൻ ഗിരീഷ് പകർന്നു നല്കി.
പ്രഫ. അയ്യപ്പപണിക്കരുടെ പൂക്കാതിരിക്കാൻ എനിക്കാവതില്ലെ.... മാളവിക ആലപിച്ചപ്പോൾ കണിക്കൊന്നകൾ പൂക്കുന്ന വിഷുക്കാല സമൃദ്ധി. ഡോ. പുതുശേരി രാമചന്ദ്രന്റെ പാവക്കൂത്ത് കൃഷ്ണലക്ഷ്മിയും കുരീപ്പുഴ ശ്രീകുമാറിന്റെ ഖേദപൂർവം എന്ന കവിത ദേവിപ്രിയയും മനോഹരമായി ആലപിച്ചു. ഒ.എൻ.വി.യുടെ കോതന്പുമണികൾ ദക്ഷ എസ്. നായർ, ഏകലവ്യൻ അഭിരാജ് എന്നിവരും ഭംഗിയാക്കി.