മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തിൽ ഭിന്നശേഷിക്കാരായ മക്കളുമായെത്തി പ്രതിഷേധം
1480487
Wednesday, November 20, 2024 5:57 AM IST
നെടുമങ്ങാട്: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിൽ ഭിന്നശേഷിക്കാരായ മക്കളുമായെത്തി പ്രതിഷേധം. നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ലെന്നാരോപിച്ചാണ് ഇവർ പ്രതിഷേധവുമായി എത്തിയത്.
ഇന്നലെ വൈകുന്നേരം നാ ലോടെ ആരംഭിച്ച സമരം ഘട്ടംഘട്ടമായി പണം നൽകാമെന്ന വ്യവസ്ഥയിൽ രാത്രി വൈകി അവസാനിപ്പിച്ചു. അരുവിക്കര വാളിയറ ബിജു ഭവനിൽ ബാബുവും ഭാര്യ അൽഫോൻസയും ജന്മനാ ഭിന്നശേഷിക്കാരായ മക്കൾ ബിജു (35), ഷി ജു (32) എന്നിവരാണ് പ്രതിഷേധിഷത്. മക്കളെ നോക്കാനായി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ബാബുവും അൽഫോൻസയും. തുടർന്ന് തങ്ങളുടെ 50 സെന്റ് സ്ഥലം വിറ്റാണ് 17 ലക്ഷംരൂപ സംഘത്തിൽ നിക്ഷേപിച്ചത്. ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സാ ചെലവിനായി പലിശ നൽകാമെന്നു തെറ്റിദ്ധരിച്ചാണ് പണം നിക്ഷേപിപ്പിച്ചതെന്നും കുടുംബം ആരോപി ച്ചു. എട്ടുമാസമായി പലിശയും മുതലും ഇല്ല. ഇന്നലെ നാലുമണിയോടെ സംഘത്തിലെത്തിയ കുടുംബം ജീവനക്കാരെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് പ്രതിഷേധം തുടങ്ങിയത്. അരുവിക്കര പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തി.
മുൻഗണനാ പട്ടികയിൽ ഇവർക്കു പണം നൽകാമെന്നറിയിച്ചിട്ടും കുടുംബം പിൻമാറിയില്ല. സമരം അവസാനിപ്പിച്ചില്ലെങ്കിൽ അനന്തര നടപടി സ്വീകരിക്കുമെന്നു പോലീസ് മുന്നറിയിപ്പ് നൽകി. പിന്നീട് അരുവിക്കര സി ഐ മുരളീകൃഷ്ണനുമായി ഫോണിൽ സംസാരിക്കുകയും തുടർന്ന് നടന്ന ചർച്ചയിൽ മാസം തോറും രണ്ടു ലക്ഷംരൂപ വീതം തിരികെ നൽകാമെന്നും ജീവനക്കാർ എഴുതി നൽകുകയായിരുന്നു.