വ്ളാത്താങ്കര ഗ്രാമത്തിന് അഭിമാനമായി കടുംചുവപ്പൻ ചീര
1480185
Tuesday, November 19, 2024 2:57 AM IST
നെയ്യാറ്റിന്‍കര : ചെങ്കല്‍ പഞ്ചായത്തിലെ വ്ളാത്താങ്കര പ്രദേശം ലോകപ്രശസ്തിയാര്ജിച്ചത് നാടിന്റെ സ്വന്തം ചീരയിലൂടെയെന്ന് കര്‍ഷകര്‍. വ്ളാത്താങ്കര ചീര എന്ന പേരില്‍ വ്യാജനും വിപണിയിലുണ്ടെന്ന് മുന്നറിയിപ്പ്.
ഒരു കാലത്ത് പാവല്‍ കൃഷിക്ക് പേരു കേട്ടിരുന്നതാണ് വ്ളാത്താങ്കര ഗ്രാമമെന്ന് ഇവിടുത്തെ മുതിര്‍ന്ന തലമുറ ഓര്‍മിക്കുന്നു.
ക്രമേണ കൃഷിയുടെ തോത് പോലും കുറഞ്ഞ ഗ്രാമത്തില്‍ വ്ളാത്താങ്കര ചീര സമ്മാനിച്ചത് അക്ഷരാര്‍ഥത്തിലൊരു കാര്‍ഷിക വിപ്ലവമായിരുന്നുവെന്ന് പുതിയ തലമുറയുടെ അവകാശവാദം.
വ്ളാത്താങ്കരയുടെ തനതു കാര്‍ഷിക വിഭവമാണ് ഏറെ സവിശേഷതകളുള്ള ഈ ചീര. തീക്ഷ്ണമായ ചുവപ്പുനിറമാണ് ആകര്‍ഷകമായ ആദ്യത്തെ ഘടകം. വ്ളാത്താങ്കര ചീരയുടെ ഒരില നന്നായി ചവച്ച ശേഷം തുപ്പിയാൽ ചോരനിറമായിരിക്കുമെന്നത് മറ്റൊരു പ്രത്യേകത. പാകം ചെയ്യാതെ ചവയ്ക്കുന്പോള്‍ പോലും രുചിപ്രദമാണ്. മുറിക്കുന്നതിനനുസരിച്ച് കൂടുതല്‍ ശാഖകള്‍ വരും.
ഒരു വർഷത്തോളം വിളവു തരുന്നുവെന്നതും വ്ളാത്താങ്കര ചീരയുടെ ഗുണമേന്മയായി കണക്കാക്കപ്പെടുന്നു. കൃഷിവകുപ്പ്, ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി പ്രകാരവും ബിപികെപി സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരവും പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വ്ളാത്താങ്കര ചീര കൃഷി വ്യാപന പ്രവർത്തനങ്ങൾ നടത്തുന്നതായി കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകന്‍