കൊട്ടാരത്തിലെ സംഗീതവിശേഷങ്ങൾ പങ്കുവച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി
1480486
Wednesday, November 20, 2024 5:57 AM IST
തിരുവനന്തപുരം: ശ്രീചിത്രാ ആശുപത്രിയിൽ അമ്മൂമ്മ ചികിത്സയിലായിരുന്ന കാലത്ത് അമ്മാവൻ (ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ മഹാരാജാവ്) അമ്മൂമ്മയോട് ഒരു സംഗീതജ്ഞനെ അരികിലിരുത്തി കീർത്തനങ്ങൾ പാടിക്കട്ടെ എന്ന് ചോദിച്ചു. മറ്റാരും വേണ്ട, ചെന്പനെ വിളിക്കൂ എന്നായി അമ്മൂമ്മ. അങ്ങനെ ശെമ്മാങ്കുടി സ്വാമി ആശുപത്രി കിടക്കയ് ക്കു സമീപമിരുന്ന് കീർത്തനങ്ങൾ ആലപിച്ചു. അമ്മൂമ്മയ്ക്ക് മാത്രമല്ല മറ്റു വാർഡുകളിലുള്ളവർക്കും സാന്ത്വനമേകുവാൻ ശെമ്മാങ്കുടി സ്വാമി കീർത്തനങ്ങൾ ആലപിച്ചിരുന്നു.
തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായിയാണ് അമ്മൂമ്മയും സംഗീതവിദുഷിയുമായ മഹാറാണി സേതുപാർവതി ബായിയുടെ സംഗീതവിശേഷങ്ങൾ ഇന്നലെ പങ്കിട്ടത്. രത്നാകരൻ ഭാഗവതർ സംഗീതസഭയുടെ രണ്ടാമത് സംഗീതരത്നാകരം പുരസ്കാരം കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ഡോ. ബി. അരുന്ധതിക്കു സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അശ്വതി തിരുനാൾ. സംഗീതരത്നം യുവപ്രതിഭ പുരസ്കാരങ്ങൾ ഹൃദയേഷ് ആർ. കൃഷ്ണൻ, ഡി. ആർ. ഭരത്കൃഷ്ണ, ആൻ ബെൻസൻ എന്നിവർ അശ്വതി തിരുനാളിൽ നിന്നും ഏറ്റുവാങ്ങി.
അമ്മൂമ്മയുടെ ജന്മദിനത്തിനു കൊട്ടാരത്തിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ സംഗീത കച്ചേരി നടത്തുവാൻ എത്തുന്ന പതിവുണ്ടായിരുന്നു. പിറന്നാൾ വിരുന്നു കഴിഞ്ഞ് രാത്രി നീണ്ട മണിക്കൂറുകൾ ശെമ്മാങ്കുടി കീർത്തനങ്ങൾ ആലപിക്കും. മുഖാരിരാഗം പാടൂ എന്ന് അമ്മൂമ്മ പറയുന്പോൾ മാത്രം മുഖാരി പാടില്ലെന്ന് ശെമ്മാങ്കുടി പറയും. ജന്മദിനം പോലുള്ള മംഗള അവസരങ്ങളിൽ മുഖാരി രാഗം പാടുന്ന പതിവില്ലാത്തതിനാൽ ശെമ്മാങ്കുടി മുഖാരി പാടാതിരുന്നതിനെ സൂചിപ്പിച്ച് അശ്വതി തിരുനാൾ പറഞ്ഞു.
തിരുവിതാംകൂർ രാജകൊട്ടാരത്തിൽ ജി.എൻ.ബി, അരിയക്കുടി, ആലത്തൂർ ബ്രദേഴ്സ്, എം.എസ്. സുബ്ബലക്ഷ്മി, ശെമ്മാങ്കുടി തുടങ്ങി സംഗീത ലോകത്തെ മഹാരഥന്മാർ സംഗീത കച്ചേരികൾ നടത്തിയിരുന്നകാലം ഉണ്ടായിരുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. കർണാടക സംഗീത ലോകത്തിനു സംഗീത അധ്യാപിക കൂടിയായ ഡോ. ബി. അരുന്ധതി നല്കുന്ന സംഭാവന മഹത്തരമാണ്. പല ഭാഷകളിൽ വ്യാപരിക്കുന്ന പുതിയ സംഗീതതലമുറ അക്ഷരശുദ്ധിയോടെ കൃതികൾ ആലപിക്കേണ്ടതുണ്ടെന്നും അശ്വതി തിരുനാൾ പറഞ്ഞു.
ചടങ്ങിൽ മോഹൻ പേരൂർക്കട അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും സംഗീതസഭ രക്ഷാധികാരിയുമായ എം. വിജയകുമാർ പ്രശസ്തിപത്ര സമർപ്പണം നടത്തി. രത്നാകരൻ ഭാഗവതരെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശന ഉദ്ഘാടനം ബിജെപി നേതാവും സംഗീതസഭ രക്ഷാധികാരിയുമായ കരമന ജയൻ നിർവഹിച്ചു. വയലിൻ വിദ്വാൻ പ്രഫ. എസ്. ഈശ്വരവർമ, മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് സി. ജയചന്ദ്രൻ, കവി കലാം കൊച്ചേറ, മതേതര സംഗീതജ്ഞനും ജൂറി അംഗവുമായ ഡോ. വാഴമുട്ടം ചന്ദ്രബാബു, കേരള ഖാദി പ്രചാരസഭ പ്രസിഡന്റ് കൊച്ചാപ്പുറം തങ്കപ്പൻ, മുൻ ദേവസ്വം ബോർഡ് പിആർഒ മുരളി കോട്ടയ്ക്കകം, ഡിസിസി അംഗം ശശി തുലയിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.
സംഗീതസഭ പ്രസിഡന്റ് സുകു പാൽക്കുളങ്ങര സ്വാഗതം ആശംസിച്ചു. രത്നാകരൻ ഭാഗവതരുടെ മകൻ ബാലസുബ്രഹ്മണ്യം നന്ദി പറഞ്ഞു. ഡോക്യുമെന്ററി പ്രദർശനവും അണിയറ ശില്പികളെ ആദരിക്കുന്ന ചടങ്ങും നടന്നു.
സ്വന്തം ലേഖിക