കെഎസ്ആർടിസി ബസിനെ സാക്ഷിയാക്കി വിവാഹം; നവദമ്പതികളെ അഭിനന്ദിച്ച് മന്ത്രി ഗണേഷ്കുമാർ
1480482
Wednesday, November 20, 2024 5:57 AM IST
കാട്ടാക്കട: കെഎസ്ആർടിസിയെ സാക്ഷിയാക്കിയ പ്രണയവിവാഹം... നവദമ്പതികളെ ഒാഫീസിൽ വിളിച്ചുവരുത്തി അഭിനന്ദിച്ച് മന്ത്രി കെ.ബി. ഗണേഷ്കുമാർ. തിങ്കളാഴ്ച രാത്രിയോടെയാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഓഫീസിൽ നിന്നും അമലിന്റെ ഫോണിലേക്ക് വിളി എത്തിയത്. ഇന്നലെ രാവിലെ ഓഫീസിൽ എത്തണമെന്നായിരുന്നു നിർദേശം.
കെഎസ്ആർടിസി ബസിനെ പ്രണയിക്കുകയും അതുവഴി ജീവിതസഖിയെ സ്വന്തമാക്കുകയും ചെയ്ത നിങ്ങളെ കാണണമെന്നും ഓഫീസിൽ നിന്നും പറഞ്ഞിരുന്നു. തുടർന്ന് ഇന്നലെ അമൽബാബുവും അഭിജിതയും എസ്എസ് കോവിൽ റോഡിലുള്ള കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി. ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ബിജുധരൻ, ജില്ലാ വൈസ് പ്രസിഡന്റ് പാലപ്പൂര് സുരേഷ്, കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്റ് അമ്പലത്തിൽകാല ഉണ്ണിക്കുട്ടൻ, സംസ്ഥാന കമ്മിറ്റി അംഗം രാജേന്ദ്രൻ എന്നിവരും ദന്പതികൾക്കൊപ്പമുണ്ടായിരുന്നു. കൂടെ നവദമ്പതികളായ അമൽബാബുവും അഭിജിതയും മന്ത്രിയെ കാണാൻ എത്തിയത്.
ഇരുവരേയും പൂച്ചെണ്ടും മധുരവും നൽകിയാണ് സ്വീകരിച്ചത്. വകുപ്പുമന്ത്രി തന്നെ നേരിട്ട് അഭിനന്ദിക്കുമെന്നും നേരിൽ കാണാൻ കഴിയുമെന്നു വിചാരിച്ചില്ലെന്നും ഇരുവരും പറഞ്ഞു. കെഎസ്ആർടിസി പ്രണയകഥ വാർത്തയായതോടെ മന്ത്രിയുടെ മുന്നിലെത്താൻ സാധിച്ചതിൽ അഭിമാനമെന്നും ഇതു മറ്റുള്ളവർക്കു പ്രചോദനം ആകട്ടെയെന്നും ഈ പൊതു മേഖല സ്ഥാപനം വളരേണ്ടതു സാധാരണക്കാരന്റെ ആവശ്യമാണ്. കെഎസ്ആര്ടിസിയുടെ ഉന്നമനം ലക്ഷ്യം വൈക്കുന്ന മന്ത്രിയെ നേരിട്ടു കണ്ടതിൽ വളരെ സന്തോഷം അഭിമാനവുമുണ്ടന്നും അമലും അഭിജിതയും പറഞ്ഞു.