ഇരിപ്പിടങ്ങളില്ലാത്ത കാത്തിരിപ്പുകേന്ദ്രം
1480493
Wednesday, November 20, 2024 5:58 AM IST
പേരൂർക്കട: കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിപ്പിടങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ ഇരിക്കുന്നത് സുരക്ഷാ വേലിയുടെ പുറത്ത്. വഴയില ജംഗ്ഷനിൽ പേരൂർക്കട ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനായി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന കാത്തിരിപ്പു കേന്ദ്രത്തിനാണീ ദുർഗതി. 15 വർഷങ്ങൾക്കു മുമ്പാണ് കാത്തിരിപ്പു കേന്ദ്രം പണിതത്.
നടപ്പാതയോട് ചേർന്നാണ് കാത്തിരിപ്പു കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മഴയും വെയിലും ഏൽക്കാതെ നിൽക്കാമെന്നല്ലാതെ യാത്രക്കാർക്ക് ഇരിക്കുന്നതിനുള്ള യാതൊരു സൗകര്യവും ഇവിടെയില്ല. സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ളവർ നടപ്പാതയുടെ സുരക്ഷയായി തീർത്തിരിക്കുന്ന ലോഹവേലിയുടെ പുറത്താണ് ഇരിക്കുന്നത്.
ഇവിടെ ആവശ്യമായ ഇരിപ്പിടങ്ങൾ വേണമെന്ന് നിരവധിതവണ യാത്രക്കാരുടെ ആവശ്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും നടപ്പാക്കപ്പെട്ടിട്ടില്ല. താത്കാലിക സംവിധാനം എന്ന നിലയിലെങ്കിലും ഇരിപ്പിടങ്ങൾ സ്ഥാപിച്ചിരുന്നുവെങ്കിൽ വയോധികർക്കും ശാരീരിക അവശതകൾ ഉള്ളവർക്കും അതൊരു സഹായമാകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.