കുടിവെള്ളത്തിന് വിലയില്ലേ ? ഇടപ്പഴിഞ്ഞി റോഡിൽ പൈപ്പുപൊട്ടിയിട്ട് ഒരാഴ്ച്ച
1461146
Tuesday, October 15, 2024 1:20 AM IST
പേരൂർക്കട: ഇടപ്പഴിഞ്ഞി റോഡിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം ഒഴുകാൻ തുടങ്ങിയിട്ട് ഒരാഴ്ച. ഇത്രയും നാളായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവും നടന്നിട്ടില്ല എന്നുള്ളതാണ് വിരോധാഭാസം.
തൊഴുവൻകോട് നിന്ന് ഇടപ്പഴിഞ്ഞിയിലേക്ക് പോകുന്ന റോഡിന്റെ തുടക്കത്തിലാണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. റോഡിനു നടുവിലായാണ് പൈപ്പ് പൊട്ടിസ വെള്ളം പാഴാകുന്നത്. പ്രദേശത്തെ ടാർ ഇളകിമാറി വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
ശക്തമായി വെള്ളം പൂറത്തെക്ക് ഒഴുകുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടയുന്നതിലേക്കായി സമീപവാസികൾ ഇടപെട്ട് ചാക്കുകെട്ടുകൾ നിരത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ പൈപ്പ് പൊട്ടി റോഡിലൂടെ 100 മീറ്ററോളം ദൂരത്താണ് വെള്ളം ഒഴുകുന്നത്. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. അധികൃതരുടെ നിസംഗ മനോഭാവം മാറണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വാട്ടർ അഥോറിറ്റി പിടിപി നഗർ സെക്ഷന്റെ പരിധിയിലുള്ള പ്രദേശമാണ് ഇവിടം. പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എത്രയും വേഗം നടപടി ഉണ്ടാക്കുമെന്നുമാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്.