സുരക്ഷ പരിശോധിക്കാൻ "സാഗർ കവച്' മോക്ഡ്രിൽ നാളെ
1461138
Tuesday, October 15, 2024 1:20 AM IST
വിഴിഞ്ഞം: കേരളത്തിലേക്ക് കടൽമാർഗം ഭീകരർ എത്തിയാൽ അത് കണ്ടെത്തി തടയാൻനമ്മുടെ സുരക്ഷാ സേനകൾ പ്രാപ്തമാണോ എന്ന് പരിശോ ധിക്കുന്ന പരീക്ഷണം സാഗർ കവച് (തീരവേട്ട) ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കും. ഡമ്മി ബോംബുകളും ആയുധങ്ങളുമായി ഉൾക്കടൽ വഴി എത്തുന്ന ഡമ്മിഭീകരരെ പിടികൂടാൻ അധികൃതർ കാത്തിരിക്കുന്ന ദിവസങ്ങളാണിവ.
ഭീകരവേഷധാരികൾ കരയിൽ കയറി ലക്ഷ്യസ്ഥാനത്ത് എത്തിയാലുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരദേശ പോലീസും, മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർക്കും കടലോര ജാഗ്രതാ സമിതിക്കും രണ്ട് ദിവസവും വിശ്രമമുണ്ടാകില്ല. സംശയകരമായി കാണുന്ന ആരെയും തടഞ്ഞ് നിർത്തി ചോദ്യം ചെയ്യും. നേവിയും, തീരസംരക്ഷണ സേനയും, തീരദേശ പോലീസും, മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉൾക്കടലിൽ നങ്കൂരമിടുന്ന നാവികസേനയുടെ കപ്പലുകളിൽ നിന്നും വിവിധ സേനയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സൈനീകരെ വേഷം മാറ്റി മത്സ്യബന്ധന വള്ളങ്ങൾ ഉൾപ്പെട്ട ചെറു ബോട്ടുകളിൽ കരയിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. തീരത്ത് ബോട്ടുകൾ അടുക്കാൻ പാകത്തിലുള്ള സ്ഥലങ്ങൾ നേരത്തെ കണ്ടു വയ്ക്കുന്ന സംഘം അവിടം ലക്ഷ്യമാക്കിയെത്തും. സംശയകരമായി കാണുന്ന യാനങ്ങളെ തടഞ്ഞു നിർത്തി ബോട്ടിലുള്ളവരെ ചോദ്യം ചെയ്ത് പിടികൂടി കഴിവ് തെളിക്കലാണ് പോലീസിന്റെ ദൗത്യം.
കൂടാതെ സംശയമുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ മീൻപിടിക്കാൻ വള്ളമിറക്കുന്ന മത്സ്യത്തൊഴിലാളികളുടെ സഹായവും തേടും.
മുൻ വർഷങ്ങളിൽ ഒന്നും വിഴിഞ്ഞം വഴി ആരെയും കരയിൽ കയറാൻ അനുവദിച്ചില്ലെങ്കിലും ജില്ലയിലെ മറ്റ് തീരങ്ങൾ വഴി കഴിഞ്ഞ തവണയും ഡമ്മി ഭീകരർ ഡമ്മി ആയുധങ്ങളുമായി സെക്രട്ടേറിയറ്റ് പരിസരത്തും ഐഎസ്ആർഒമേഖലയിലും എത്തി കേരളത്തിന്റെ സുരക്ഷാ പരാജയം വെളിവാക്കിയിട്ടുണ്ട്. തീരം സംരക്ഷിക്കേണ്ട തീരദേശ പോലീസിനും മറൈൻ എൻ ഫോഴ്സ്മെന്റിനുംബോട്ട് ഉൾപ്പെടെയുള്ള ആധുനീക സംവിധാനങ്ങൾ ഇല്ലാത്തതാണ് ഇത്തരം സുക്ഷാ വിഴ്ചകൾക്ക് കാരണമെന്ന ആരോപണം ഉയർന്നിരുന്നു. വലിയ തരത്തിലുള്ള ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് 16ഉം, 17ഉം തിയതിയിലെ പരീക്ഷണം .
സ്വന്തം ലേഖകൻ