പ്രവർത്തന സജ്ജമായി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം : സഞ്ചാരികളെ കാത്ത് ആനച്ചന്തം
1460792
Saturday, October 12, 2024 6:09 AM IST
കാട്ടാക്കട: ഉദ്ഘാടനം കഴിഞ്ഞു. ഇനി സഞ്ചാരികളെ മാടി വിളിച്ച് വനം വകുപ്പ് അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തന സജ്ജം. കിഫ്ബി അനുവദിച്ച 70 കോടിയോളം രൂപ ചെലവിട്ട് 176 ഹെക്ടർ വന ഭൂമിയിലെ വിപുലവും വിശാലവുമായ ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ആദ്യം. 2016ലാണ് പദ്ധതിക്ക് കിഫ്ബി 105 കോടി രൂപ അനുവദിച്ചത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന മലയോര മേഖലയിലെ പ്രധാന സഞ്ചാര കേന്ദ്രമാകും ആന കേന്ദ്രം.
2007ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നത്. അന്ന് രണ്ട് ആനകൾ അമ്മുവും മിന്നയും. അന്നു മുതൽ ഇന്നു വരെ ആനകളെ പാർപ്പിക്കുന്നത് ചെറിയ കൂടുകളിലാണ്. ഇനി ഒരേക്കറോളം വലിപ്പമുള്ള വലിയ കൂടുകളിലേക്കു മാറുമെന്നതാണ് പ്രത്യേകത. കേന്ദ്രത്തിലെ മദപ്പാടുള്ള ആനകൾക്കു പോലും പുതിയ കേന്ദ്രത്തിൽ ചങ്ങല ഉണ്ടാവില്ല. പത്തു വയസിനു താഴെ പ്രായമുള്ള ഏഴ് കുട്ടിയാനകൾ ഉൾപ്പെടെ15 ആനകൾ കേന്ദ്രത്തിലുണ്ട്. പ്രായാധിക്യത്തിലും തലയെടുപ്പോടെ നിൽക്കുന്ന 83 കാരൻ സോമനാണ് കൂട്ടത്തിലെ കാരണവർ.
രണ്ടു കൊല്ലം മുൻപ് എത്തിയ നാലു വയസുകാരി ആരണ്യ കൂട്ടത്തിലെ ഇളമുറക്കാരി. പ്രായാധിക്യത്താൽ അവശതയിലാകുന്ന നാട്ടാനകൾ, ഉപേക്ഷിക്കപ്പെടുന്നതും പിടിച്ചെടുക്കുന്നതുമായ ആനകൾ, നാട്ടിലിറങ്ങി ശല്യക്കാരായി മാറുന്ന ആനകൾ, വനത്തിൽ കൂട്ടം തെറ്റി പോകുന്ന കുട്ടിയാനകൾ തുടങ്ങിയവയെ സുരക്ഷിത കേന്ദ്രത്തിൽ പുനരധിവസിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.
300 ഏക്കർ വന ഭൂമി ആനകളുടെ സ്വതന്ത്ര ആവാസ വ്യവസ്ഥക്കായി നീക്കിയിട്ടുണ്ട്. ഉരുക്ക് വേലി കൊണ്ട് സംരക്ഷണ കവചമൊരുക്കിയ 120 ഹെക്ടർ പ്രദേശത്ത് ചങ്ങലക്കെട്ടില്ലാതെ മേയാൻ സ്വതന്ത്രമായി വിടും. ഇവിടെ തീറ്റയും നൽകും. ആനകളെ പാർപ്പിക്കാൻ ഉരുക്ക് വേലി കൊണ്ട് വലയം തീർത്ത 15 എൻക്ലോഷറുകൾ(കൂടുകൾ) ആണുണ്ടാവുക. കൊമ്പനെ പാർപ്പിക്കാനുള്ള ഒരു എൻക്ലോഷറിനു ഒന്നേകാൽ ഏക്കർ വിസ്തൃതി.
പിടിയാനകൾക്കും കുട്ടി ആനകൾക്കും വേണ്ടി മാത്രം ഒരു കൂടിന്റെ വലുപ്പം അഞ്ച് ഏക്കർ. ഇങ്ങനെ ഏഴെണ്ണം. ഒരു വയസിനു താഴെ പ്രായമുള്ള കുട്ടിയാനകൾക്ക് പ്രത്യേക നഴ്സറി, കാട്ടിൽ നിന്നു ലഭിക്കുന്ന കുട്ടി ആനകളെ ആദ്യ ഘട്ടം പാർപ്പിക്കാനുള്ള ക്വാറന്റീൻ സെന്റർ, മദപ്പാടുള്ള ആനകൾക്ക് പ്രത്യേക കൂടുകൾ, നാട്ടിലിറങ്ങി പ്രശ്നക്കാരായ ആനകളെ പിടികൂടിയാൽ അവയെ മെരുക്കാൻ കമ്പകം തടിയിൽ നിർമിച്ച പ്രത്യേക കൂടുകൾ ഇങ്ങനെ ഒട്ടേറെ സൗകര്യങ്ങളുണ്ടാവും കേന്ദ്രത്തിലേക്ക് കാട്ടാനകൾ കയറാതിരിക്കാൻ കേന്ദ്രത്തിനു ചുറ്റും മൂന്നേമുക്കാൽ മീറ്റർ ഉയരത്തിൽ ഉരുക്ക് വേലി നിർമിച്ചു. പുറമേ വൈദ്യുത വേലി കവചവും.
ആനയൂട്ട് കാണാം
ആനകൾക്ക് ആഹാരം പാകം ചെയ്യാനുള്ള സെൻട്രൽ കിച്ചൻ. ഇവിടെ നിന്നും ഓരോ ആനകൾക്കും ആഹാരമെത്തിക്കും. വിനോദ സഞ്ചാരികൾക്ക് മുന്നിൽ ഒരേ സമയം അഞ്ച് ആനകളെ ഊട്ടാനുള്ള പ്രത്യേക ഇടം. ആനയൂട്ട് കാണാൻ സഞ്ചാരികൾക്ക് ഓപ്പൺ എയർ ഏരിയ. 100 പേർക്ക് ഇരിക്കാൻ സൗകര്യം ഉണ്ട്.
ആന മ്യൂസിയം
ആനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസിലാക്കി നൽകാൻ പാകത്തിൽ 16,000 ചതുരശ്ര അടി വിസ്തീർണത്തിൽ വിപുലമായ ആന മ്യൂസിയവും ഒരുങ്ങി. ആനകളുടെ അസ്ഥികൂടം ഉൾപ്പെടെ ഇവിടെ സജീകരിക്കും. മ്യൂസിയം പ്രവർത്തനം ജനുവരി മുതൽ മാത്രം.
പ്രത്യേക ആശുപത്രി
കേന്ദ്രത്തിലെ ആനകൾക്കു പുറമേ നാട്ടാനകൾക്കും ചികിത്സ നൽകാൻ പ്രത്യേക 'ആന ചികിത്സാ' കേന്ദ്രം. രണ്ട് ഡോക്ടർമാരുടെ സേവനം, ലബോറട്ടറി സൗകര്യം.
ആനകളെ പരിശോധിക്കാൻ വിപുലമായ ഹാളും ഒരുക്കി. ചരിഞ്ഞ ആനകളുടെ പോസ്റ്റ്മോർട്ടത്തിനും ദഹിപ്പിക്കാനും പ്രത്യേക കേന്ദ്രം.
മുഖ്യമന്ത്രി എത്തിയില്ല; ഉദ്ഘാടനം നിർവഹിച്ചത് വനംമന്ത്രി
കാട്ടാക്കട ; അന്താരാഷ്ട്ര നിലവാരത്തിൽ പൂർത്തിയാക്കിയ കോട്ടൂർ ആന പുനരധിവാസ കേന്ദ്രം നാടിന് സമർപ്പിച്ചു. വനം വകുപ്പ് നാടിന്റെ വികസനത്തിനും നിവാസികളുടെ വികസനത്തിനും ഊന്നൽ നൽകുമെന്നും അതിനുള്ള പരിശ്രമമാണ് പദ്ധതിയെന്നും ഉദ്ഘാടനം നിർവഹിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വനം ആശ്രിത കുടുംബങ്ങളുടെ തൊഴിൽ, സാമ്പത്തികം എന്നിവ മെച്ചപ്പെടുത്താനും ആദിവാസികളുടെ ക്ഷേമവും ഈ പദ്ധതി വഴി നടപ്പിലാക്കുമെന്നും അദേഹം പറഞ്ഞു. ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
സി.കെ. ഹരീന്ദ്രൻ എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തിയില്ല.