ത്രീഡി മാപ്പിംഗ് ഇലക്ട്രോഫിസിയോളജി ലാബുമായി കിംസ്ഹെല്‍ത്ത്
1460524
Friday, October 11, 2024 6:21 AM IST
തിരുവനന്തപുരം: അത്യാധുനിക ത്രീഡി മാപ്പിംഗ് സംവിധാനത്തോടുകൂടിയ ഇലക്ട്രോഫിസിയോളജി ലാബുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. കിംസ്ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ് സോമനാഥ് പുതിയ ഇലക്ട്രോഫിസിയോളജി ലാബ് നാടിനു സമര്‍പ്പിച്ചു.
ഹൃദയത്തിലെ അസാധാരണമായ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ടാര്‍ഗെറ്റ് ചെയ്യാന്‍ സഹായിക്കുന്ന അത്യാധുനിക ത്രീഡി ഒമ്നിപോളാര്‍ മാപ്പിംഗ് സംവിധാനമായ "എന്‍സൈറ്റ് എക്സ്' കേരളത്തില്‍ ആദ്യത്തേതും ഇന്ത്യയില്‍ മൂന്നാമത്തേതുമാണ്. ഹൃദയമിടിപ്പില്‍ ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്, ഇലക്ട്രിക്കല്‍ സ്റ്റോം, മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ തുടങ്ങിയ സങ്കീര്‍ണ്ണവും അപകടകരവുമായ വൈകല്യങ്ങള്‍ കണ്ടുപിടിക്കുവാനും പരിഹരിക്കുവാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
ഹൃദ്രോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും കോ-ഓര്‍ഡിനേറ്ററുമായ ഡോ. വി.കെ. അജിത് കുമാര്‍ സ്വാഗതം പറഞ്ഞു. ഇലക്ട്രോഫിസിയോളജി വിഭാഗം ആന്‍ഡ് ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനീസ് താജുദീന് പുതിയ ലാബിന്റെ പ്രത്യേകതകളെക്കുറിച്ചു വിശദീകരിച്ചു.
ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ഖന്ന സംസാരിച്ചു. കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷത വഹിച്ചു. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം, നജീബ് നന്ദി പറഞ്ഞു.