വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : തൊഴിൽ സ്വപ്നം കാണുന്നവർക്ക് തിരിച്ചടിയാകുമോ?
1459305
Sunday, October 6, 2024 5:54 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: പ്രദേശവാസികൾക്ക് തൊഴിൽ നൽകാതെ പറ്റിക്കുന്നതായുള്ള ആരോപണവുമായി ഒരു കൂട്ടർ, തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള സെമിനാറുകൾ നാടെങ്ങും നടത്തി യുവാക്കളെ സ്വപ്നം കാണിക്കുന്ന മറ്റൊരു വിഭാഗവും. കേരളത്തിന്റെ വികസന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ സജ്ജമാകുമ്പോൾ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളെക്കുറിച്ച് അധികൃതർക്കും വ്യക്തതയില്ല.
പ്രദേശിക തൊഴിൽ വാദം ഉന്നയിച്ച് മറ്റു തൊഴിലാളി സംഘടനകൾക്കുപരി ഭരിക്കുന്ന പാർട്ടിയുടെ സംഘടനയായ സിഐടിയും ഒരാഴ്ച മുൻപ് തുറമുഖ കവാടത്തേക്ക് മാർച്ചും ധർണ നടത്തിയും അധികൃതരെ കുഴപ്പിച്ചു. കേരളത്തിന്റെ വികസന പദ്ധതിയായ വിഴിഞ്ഞം തുറമുഖം വഴി അൻപതിനായിരത്തിൽപ്പരം യുവതി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് തുടക്കത്തിലുള്ള അധികൃതരുടെ പ്രഖ്യാപനത്തിൽ വിശ്വസിച്ച് നടക്കുന്നവർക്കും തിരിച്ചടിയാകും.
സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ്പിലൂടെ വിവിധ തസ്തികകളിൽ പരിശീലനം പൂർത്തിയാക്കിയ വിഴിഞ്ഞത്തും സമീപപ്രദേശങ്ങളിലുമുള്ള നിരവധിപേരെ ഇതിനോടകം നിയമിച്ചതായി തുറമുഖ അധികൃതർ പറയുന്നു. കൂടാതെ കൂടുതൽ പേർക്കായുള്ള പരിശീലനം ആരംഭിച്ചതായും അറിയുന്നു.
മത്സ്യ ത്തൊഴിലാളികളുടെ അതിജീവന സമരത്തിന് ശേഷം പ്രാദേശികമായുണ്ടായ വിള്ളലും സമരത്തെ എതിർത്തവരിൽ ചിലർ തുറമുഖ അധികൃതരുമായി കൂടുതൽ അടുത്തതും തൊഴിലാളി നിയമനത്തിൽ സംശയത്തിന് വഴിതെളിച്ചു. ഇതിനിടയിലാണ് ആൾക്കാരെ കൂട്ടി തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള സെമിനാറുകളും വ്യാപകമായത്. തൊഴിൽ സ്വപ്നം കണ്ട യുവതലമുറ കേട്ടുകേൾവിയുടെ ഭാഗമായി വിവിധ തസ്തികകൾക്കായി നൂറുകണക്കിന് അപേക്ഷകളാണ് നേരിട്ടും അല്ലാതെയുമായി അധികൃതർക്ക് ഇതിനോടകം നൽകിയത്.
നീണ്ട ഒൻപത് വർഷം പൂർത്തിയാകാനിരിക്കുന്ന സമയത്തും ഒന്നാംഘട്ട ഉദ്ഘാടനം പോലും നടത്താൻ കഴിയാത്ത തുറമുഖം രണ്ടും മൂന്നും നാലും ഘട്ടങ്ങൾ കടന്ന് പൂർണതോതിൽ പ്രവർത്തനം തുടങ്ങണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പൂർണമായി സജ്ജമായാലും വിവിധ തസ്തികകളിലെ ഓഫീസ് സ്റ്റാഫുകളും, ഉന്നത ഉദ്യോഗസ്ഥരും , വിദഗ്ധ തൊഴിലാളികൾ, മറ്റ് ജീവനക്കാർ ഉൾപ്പെടെ തുറമുഖത്തിനാവശ്യം വേണ്ടത് നാലായിരത്തിൽ താഴെ ജീവനക്കാർ മാത്രമെന്ന് അധികൃതർ പറയുന്നു.
എന്നാൽ പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി അൻപതിനായിരത്തോളം പേർക്ക് തൊഴിൽ സാധ്യതയെന്ന സർക്കാരിന്റെ വാക്കിൽ സ്വപ്നം കാണുന്നവരാണ് കേരളത്തിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ. പരോക്ഷമായതൊഴിൽ വേണമെങ്കിലും കരമാർഗമുള്ള കണ്ടെയ്നർ ഗതാഗതം ആരംഭിക്കണം. ട്രയൽ റൺ ആരംഭിച്ച ശേഷം ഒന്നര മാസത്തിനിടയിൽ ഇരുപതോളം വമ്പൻ കപ്പലുകൾ വിഴിഞ്ഞത്ത് അടുത്തു.
ഇവയിൽ നിന്ന് ഇറക്കിയ അൻപതിനായിരത്തോളം കണ്ടെയ്നറുകളിൽ ഒരെണ്ണം പോലും കരമാർഗം കൊണ്ടുപോകാനായില്ല. ട്രാൻഷിപ്പ്മെന്റ് തുറമുഖമായതിനാൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയാലും ബഹുഭൂരിപക്ഷം കണ്ടെയ്നറുകളും കടൽ മാർഗം തന്നെ കൊണ്ടുപോകും.
ട്രയൽ റണ്ണിൽ ഇത്രത്തോളം കപ്പലുകൾ അടുത്ത മറ്റൊരു തുറമുഖവും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇതിനെ വമ്പൻ വികസന കുതിപ്പെന്ന് അധികൃതർ വ്യാപകമായി പ്രചരിപ്പിച്ചതോടെ ഉടൻ കൂടുതൽ തൊഴിൽ കിട്ടുമെന്ന ആത്മവിശ്വാസത്തിലായി കേരളത്തിലെ ജനത.
കുറച്ചു പേർക്കെങ്കിലും പരോക്ഷമായി തൊഴിൽ കിട്ടണമെങ്കിൽ കണ്ടെയ്നർ സൂക്ഷിക്കാനുള്ള ഗോഡൗണുകളും, റിംഗ് റോഡ്, റെയിൽവേ ഉൾപ്പെടെ വിവിധ റോഡുകളും മറ്റ് വികസനങ്ങളും വരണം.
അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ആരംഭിക്കാത്ത ഇത്തരം വികസനങ്ങൾ പൂർണമാകണമെങ്കിൽ ഇനിയും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കാത്തിരിക്കണം.