ഗാന്ധി സേവാ പുരസ്കാരം നിംസ് മെഡിസിറ്റിക്ക്
1458015
Tuesday, October 1, 2024 6:18 AM IST
തിരുവനന്തപുരം: ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ഈ വർഷത്തെ ഗാന്ധി സേവാപുരസ്കാരം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിക്ക്. ഡിസിസി പ്രസിഡന്റ് പാലോട് രവിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഭിന്നശേഷി കുട്ടികൾക്കുള്ള നെയ്യാറ്റിൻകര പെൻഷൻ സ് കീം, ഭിന്നശേഷി കുട്ടികൾക്കുള്ള സ്പെക്ട്രം സൗജന്യ ചികിത്സപദ്ധതി, സൗജന്യ ഹൃദ്രോഗചികിത്സ, സൗജന്യ ഡയാലിസിസ് തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്കാരത്തിനായി നിംസിനെ തെരഞ്ഞെടുത്തത്. മഹാത്മാഗാന്ധി കോണ്ഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഒക്ടോബർ രണ്ടിനു നടത്തുന്ന ഗാന്ധി സ്മൃതിയാത്ര സമാപന സമ്മേളനത്തിൽവെച്ച് പുരസ്കാരം സമർപ്പിക്കും.
നാളെ വൈകുന്നേരം നാലിന് പ്രസ് ക്ലബിന്റെ സമീപത്തുനിന്ന് ആരംഭിക്കുന്ന ഗാന്ധി സ്മൃതിയാത്ര പാളയത്ത് രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും. അവിടെ ചേരുന്ന ഗാന്ധി സ്മൃതിസംഗമം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിക്കും. കെപിസിസി ഭാരവാഹികളും പ്രമുഖ നേതാക്കളും സംസാരിക്കും.
ഗാന്ധി സേവാ പുരസ്കാരം പ്രതിപക്ഷനേതാവിൽ നിന്നും നിംസ് മെഡിസിറ്റിക്ക് വേണ്ടി എം.എസ്. ഫൈസൽഖാൻ സ്വീകരിക്കും.