ഓണാഘോഷം കെങ്കേമം
1453320
Saturday, September 14, 2024 6:38 AM IST
നെയ്യാറ്റിന്‍കര : താലൂക്കിലെ വിദ്യാലയങ്ങളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര ബിആര്‍സി യില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിന് ബിപിസി എ.എസ് ബെന്‍ റെജി നേതൃത്വം നല്കി. ഓലത്താന്നി വിക്ടറി വിഎച്ച്എസ്എസില്‍ നടന്ന ഓണാഘോഷം നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് ഉദ്ഘാടനം ചെയ്തു.
ഊരൂട്ടുകാല ഗവ. ടിടിഐ, നെയ്യാറ്റിന്‍കര ഗവ. ജെബിഎസ്, നെല്ലിമൂട് ന്യൂ എച്ച്എസ്എസ് എന്നിവിടങ്ങളിലും ഓണാഘോഷം സംഘടിപ്പിച്ചു. ചുണ്ടവിളാകം ഗവ. എല്‍പി സ്കൂളില്‍ വിവിധ പരിപാടികളോടു കൂടി ഓണം ആഘോഷിച്ചു.
കുട്ടികളുടെ കലാപരിപാടികള്‍, പൂക്കളമിടല്‍, സദ്യ എന്നിവ നടന്നു. പെരുമ്പഴുതൂർ മുട്ടയ്ക്കാട് ക്ഷീരോല്പാദ സഹകരണ സംഘം സംഘടിപ്പിച്ച ഓണാഘോഷം-2024 നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന്, ബാബുരാജ് എന്നിവര്‍ സംബന്ധിച്ചു.
നഗരസഭയിലെ അർബൻ ഹെൽത്ത് ആന്‍ഡ് വെൽനെസ് സെന്ററുകളിലെ ജീവനക്കാര്‍ ഒരുക്കിയ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് നിര്‍വഹിച്ചു.
നഗരസഭയിലെ കൃഷ്ണപുരം വാർഡിലെ പാലക്കടവ് അയൽക്കൂട്ടം സംഘടിപ്പിച്ച ചടങ്ങില്‍ ബോണസ് വിതരണവും ഓണാഘോഷവും കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. ഉച്ചക്കട വിജ്ഞാന പ്രദായിനി ഗ്രന്ഥശാല അണിയിച്ചൊരുക്കിയ ഓണോത്സവത്തിന്റെ ഭാഗമായ ഓണസന്ദേശ സദസില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രജിസ്ട്രാർ എസ്.വി ഉണ്ണികൃഷ്ണൻനായർ വിശിഷ്ടാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആദര്‍ശ്, തഹസില്‍ദാര്‍ എ.ആര് നന്ദഗോപന്, സുരേഷ് എന്നിവര്‍ സംബന്ധിച്ചു.
നെടുമങ്ങാട് : നെടുമങ്ങാട് സഹകരണ അർബൻ ബാങ്കിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ചെയർമാൻ തേക്കട അനിൽകുമാർ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ആനാട് ജയൻ, ആർ.ചന്ദ്രമോഹൻ , സുരേന്ദ്രൻ, ജനറൽ മാനേജർ സന്ധ്യ ആർ.നായർ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: കവടിയാർ ടീച്ചേഴ്സ് ലെയിൻ റെസിഡെന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികളും കുടുംബസംഗമവും കുറവൻകോണം സാൽവേഷൻ ആർമി യൂത്ത് സെന്ററിൽ വാർഡ് കൗൺസിലർ ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷിബു നായർ അധ്യക്ഷനായി. സെക്രട്ടറി വല്ലഭകുമാർ പ്രസംഗിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവാതിരക്കളി, അത്തപ്പൂക്കള മത്സരം, ചിത്രരചനാ മത്സരം, കലാ-കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
കാട്ടാക്കട: കുറ്റിച്ചലിൽ ഓണാഘോഷത്തിന് സംസ്ക്കാരികഘോഷയാത്രയോടെ തുടക്കമായി. പഞ്ചായത്തും വിവിധ സാംസ്ക്കാരിക സമിതികളുമാണ് ആഘോഷം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ആഘോഷം 28 വരെ നീളും. ദീപാലങ്കാരത്തിന് പുറമേ അമ്യൂസ്മെന്റ് പാർക്കും പ്രവർത്തനം തുടങ്ങി.
കോട്ടൂർ ദീപാലങ്കാര കൂട്ടായ്മയുടെ പന്ത്രണ്ടാമത് ഓണം- ടൂറിസം വാരാഘോഷം 14 മുതൽ 16 വരെ കോട്ടൂർ ജംഗ്ഷനിൽ നടക്കും. 14ന് രാവിലെ ഒമ്പതിന് പ്രകൃതീയം ഗ്രാമചന്ത കൃഷി ഓഫീസർ ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും.
വെള്ളറട: ഗവ. എല്‍പിബിഎസ് പെരുങ്കടവിള സ്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പെരിങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് വി.എസ്.സുരേഷ് കുമാര്‍ സ്വാഗതം അര്‍പ്പിച്ചു.
പൂര്‍വ വിദ്യാര്‍ഥിയും പഞ്ചായത്ത് സെക്രട്ടറിയുമായ ഹരിന്‍ ബോസ് ഓണ സന്ദേശം നല്‍കുകയും കുട്ടികള്‍ക്ക് ഓണസമ്മാനം നല്‍കുകയും ചെയ്തു. കുട്ടികളുടെ മെഗാ തിരുവാതിര, ഓണക്കളികള്‍, ഓണസദ്യ തുടങ്ങിയവ ഉണ്ടായിരുന്നു. എസ്എംസി ചെയര്മാന് എസ്.പി.അലക്സ് കൃതജ്ഞത രേഖപ്പെടുത്തി.