റോഡ് പണി ആരംഭിക്കാത്തതു ചോദ്യം ചെയ്തയാളെ അറസ്റ്റു ചെയ്തു
1337918
Sunday, September 24, 2023 12:30 AM IST
കല്ലറ: രണ്ട് വർഷമായിട്ടും റോഡ് പണി ആരംഭിക്കാത്തത് ചേദ്യം ചെയ്ത വ്യക്തിയെ രാത്രിയിൽ പോലീസ് അറസ്റ്റുചെയ്തതായി ആരോപണം.
കല്ലറ പഞ്ചായത്തിലെ നീറമൺകടവ് പ്രദേശത്ത് സഞ്ചാര യോഗ്യമല്ലാത്ത റോഡിന്റെ അവസ്ഥ എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തിയ നാട്ടുകാരനായ ഷൈജുവിനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ സമ്മർദ്ദത്തിലാണ് തന്നെ പോലീസ് അറസ്റ്റു ചെയ്തതെന്നാണ് ഷൈജു ആരോപിക്കുന്നത്. നീറമൺകടവിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഡി.കെ.മുരളി എംഎൽഎയോട് ഷൈജു റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു.
എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കി നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നും അഭ്യർഥിച്ചു .എന്നാൽ രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന ഷൈജുവിനെ എംഎൽഎയുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തുള്ള ജനങ്ങൾക്ക് കാലങ്ങളായി കാൽനടയാത്ര പോലും ദുരിത പൂർണമാണ്.
ഇതേ റോഡിന്റെ ദയനീയാവസ്ഥയ്ക്കേതിരെ യൂത്ത് കോൺഗ്രസ് മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച് സത്യാഗ്രഹ സമരം നടത്തിയിരുന്നു. ഷൈജുവിനെ അറസ്റ്റു ചെയ്ത വിഷയത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പാങ്ങോട് സ്റ്റേഷനിലെത്തി ജാമ്യം ലഭിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുകയും തുടർന്ന് സ്റ്റേഷൻ ജാമ്യം നൽകി ഷൈജുവിനെ വിട്ടയയ്ക്കുകയുമായിരുന്നു.