പട്ടം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ടി.ബാബു പടിയിറങ്ങുന്നു
1298791
Wednesday, May 31, 2023 4:27 AM IST
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ടി. ബാബു ഇന്നു വിരമിക്കുന്നു. 20 വർഷത്തെ അധ്യാപക ശുശ്രൂഷയ്ക്ക് ശേഷമാണ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് അദ്ദേഹം വിരമിക്കുന്നത്.
കൊട്ടാരക്കര സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യോളജി വിഭാഗം തലവൻ ആയിരിക്കുന്പോഴാണ് പട്ടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലായി നിയമിതനായത്. കോവിഡ് കാലത്ത് സ്കൂളിൽ ഒട്ടനവധി പുതുമകൾ ഒരുക്കിയാണ് അച്ചൻ ശ്രദ്ധേയനായത്. സാന്പത്തികമായി പിന്നോക്കം നൽകുന്ന കോവിഡ് ബാധിതരെ സഹായിക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വലിയ സംഘത്തെ രൂപപ്പെടുത്തി. ലക്ഷക്കണക്കിന് രൂപയുടെ നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു. പാഠപുസ്തകങ്ങൾ കുട്ടികൾക്ക് വീടുകളിൽ നേരിട്ട് എത്തിച്ചു.
ഗവണ്മെന്റ് നിർദേശത്തിനു മുന്‍പായി തന്നെ പാഠപുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി കുട്ടികൾക്കുവിതരണം ചെയ്തു. ഓണ്‍ലൈൻ ക്ലാസുകൾ ക്രമീകരിച്ച് പഠനം കാര്യക്ഷമമാക്കി. സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ഓണ്‍ലൈൻ പഠന സൗകര്യമൊരുക്കുന്നതിന് അധ്യാപകരിൽ നിന്നും പൂർവ വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മൊബൈൽ ഫോണ്‍ ശേഖരിച്ച് വിതരണം ചെയ്തു.
കോവിഡ് കാലത്ത്വീട് ഒരു വിദ്യാലയം പദ്ധതിയിലൂടെ വീട്ടിൽ ഒരു ലൈബ്രറി, വീട്ടിലൊരു പൂന്തോട്ടം, എന്റെ പച്ചക്കറിത്തോട്ടം എന്നീ പദ്ധതികളിലൂടെ കോവിഡിനെ അതിജീവിക്കാൻ കുട്ടികൾക്ക് പ്രചോദമേകി. കോവിഡാനന്തര ക്ലാസുകളുടെ സമയത്ത് വിദ്യാർഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാൻ 275 അംഗ കൗണ്‍സിലിംഗ് സംഘത്തെ ക്രമീകരിച്ചു. നിർധനരായ കുട്ടികൾക്കായി നാല് പുതിയ വീടുകൾ നിർമിച്ചു നൽകി.രക്ഷിതാക്കളുമായി നിരന്തരം സംവദിച്ചു. സ്കൂളിൽ പുതിയ ലാബുകൾ സ്ഥാപിച്ചു, സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തിൽ ഫ്രീഡം വാൾ നിർമിച്ചു സ്കൂളിന് സമർപ്പിച്ചു. അപൂർവങ്ങളായ ഫലവൃക്ഷത്തൈകൾ സ്കൂളിൽ നട്ടുപിടിപ്പിച്ചു. ഒരേക്കർ ഭൂമിയിൽ ഉള്ളൂർ കൃഷിഭവന്റെ സഹായത്തോടെ വിപുലമായ കൃഷിത്തോട്ടം നിർമിച്ചു. എസ്എസ്എൽ സി, പ്ലസ് ടു വിജയ ചരിത്രം ആവർത്തിച്ചു.
സോളാർ പാനൽ വിപുലീകരിച്ച് വൈദ്യുതിക്ഷാമം പരിഹരിച്ചു. ലൈബ്രറി പുസ്തകങ്ങൾ 55,000 ത്തിൽ നിന്നും അറുപതിനായിരത്തിലേക്ക് ഉയർത്തുവാൻ നേതൃത്വം കൊടുത്തു. സ്കൂൾ പരിസരം മഹാന്മാരായ വ്യക്തികളുടെ ചിത്രങ്ങൾ, ചെറു ചരിത്രം ഇവ ഒരുക്കി കുട്ടികളെ ഉന്നത സ്വപ്നം കാണാൻ അവസരം ഒരുക്കി. ഒട്ടനവധി നന്മപ്രവൃത്തികളിലൂടെ സ്കൂളിന്റെ യശസ് ഉയർത്തി എന്നതിലുപരി കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് അവസരങ്ങൾ ഒരുക്കി ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും അർഹനായാണ് അദ്ദേഹം സ്കൂളിന്റെ പടിയിറങ്ങുന്നത്.