മംഗലപുരം -തേക്കട - വിഴിഞ്ഞം റിംഗ് റോഡിന് പാരിസ്ഥിതികാനുമതി
1282678
Thursday, March 30, 2023 11:11 PM IST
നെടുമങ്ങാട് :മംഗലപുരം-തേക്കട-വിഴിഞ്ഞം ഔട്ടർ റിംഗ് റോഡ് നിർമാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അഥോറിറ്റി (എസ്ഇ ഐഎഎ )ആണ് അനുമതി നൽകിയത്.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തലസ്ഥാന നഗരവികസന പദ്ധതി പ്രകാരം അനുമതിക്ക് അപേക്ഷ സമർപ്പിച്ചത്.റോഡിന് അനുമതി ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കാനാണ് ദേശീയപാത അഥോറിറ്റിയുടെ നീക്കം.
വിഴിഞ്ഞം തേക്കട മംഗലപുരം, തേക്കട നാവായ്ക്കുളം ഔട്ടർ റിംഗ് റോഡാണ് പദ്ധതിപ്രകാരം നിർമിക്കുന്നത്. ഇതിൽ വിഴിഞ്ഞം തേക്കട മംഗലപുരം റോഡിന്റെ നിർമാണത്തിനാണ് ഇപ്പോൾ പാരിസ്ഥിതികാനുമതി ലഭിച്ചത്. തേക്കട മുതൽ നാവായ്ക്കുളം വരെയുള്ള റോഡിന്റെ നിർമാണത്തിന് പാരിസ്ഥിതിക്കാനുമതി നടപടികൾ പുരോഗമിക്കുകയാണ്. രണ്ട് മേഖലകളായി തിരിച്ചാണ് റിംഗ് റോഡ് നിർമിക്കുന്നത്. തേക്കടയിൽ തുടങ്ങി വിഴിഞ്ഞത്ത് അവസാനിക്കുന്ന ആദ്യ സെക്ഷന് 35.314കിലോമീറ്റർ നീളവും തേക്കടയിൽ ആരംഭിച്ചു മംഗലപുരത്തു അവസാനിക്കുന്ന രണ്ടാം സെക്ഷന് 12.659കി. മീറ്റർ നീളവും ഉൾപ്പെടെ ആകെ 47.973 കിലോ മീറ്റർ ദൂരത്തിലാണ് 70 മീറ്റർ വീതിയിൽ നാലുവരി പാത നിർമിക്കുന്നത്. ഭാവിയിൽ ഇത് ആറുവരിയാക്കി മാറ്റാനുതകുന്ന തരത്തിലാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കുക.റോഡിൽ മൂന്ന് പ്രധാന ക്രോസിംഗ് ഉൾപ്പെടെ 64 ക്രോസിങ്ങുകളുണ്ടാവും.റോഡ് മുറിച്ചു പോകുന്ന കരമനയാർ, കിള്ളിയാർ എന്നിവകൾക്ക് മുകളിലൂടെയും അല്ലാതെയുമായി 13പാലങ്ങളും നിർമിക്കും. വിഴിഞ്ഞം മുതൽ മംഗലപുരം വരെയും നാവായ്ക്കുളം വരെയും റോഡ് നിർമാണത്തിന് 314 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനമിറങ്ങിയ ഉടനെ ഏറ്റെടുക്കേണ്ട ഭൂമി അളന്നു കല്ലിടുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു.
മംഗലപുരം തേക്കട വിഴിഞ്ഞം റോഡിനായി തിരുവനന്തപുരം, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ 16 വീല്ലേജുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കും.മംഗലപുരം, അണ്ടൂർക്കോണം, പോത്തൻകോട്, വെങ്ങാനൂർ, മാണിക്കൽ, വെമ്പായം, പൂവത്തൂർ, നെടുമങ്ങാട്, അരുവിക്കര, വിളപ്പിൽ, കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, ബാലരാമപുരം, വിഴിഞ്ഞം വീല്ലേജുകളിൽ നിന്നാണ് റോഡിന് ഭൂമി ഏറ്റെടുക്കുന്നത്. റോഡ് നിർമാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചതോടെ മേയ് മാസത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി ജൂലൈയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുമാണ് ദേശീയ പാത അഥോറിറ്റിയുടെ തീരുമാനം.