പെരുങ്ങുഴി ക്ഷേത്രത്തിൽ അഗ്നിക്കാവടിയും പാൽക്കാവടിയും നടത്തി
1281937
Wednesday, March 29, 2023 12:16 AM IST
തിരുവനന്തപുരം: പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ മീനതിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ അഗ്നിക്കാവടിയും പാൽക്കാവടിയും ഭക്തിനിർഭരമായി സമാപിച്ചു. ഇന്നലെ പുലർച്ചെ ക്ഷേത്രാങ്കണത്തിൽ തീർത്ത പ്ലാവിൻ വിറക് കത്തിച്ച് തയാറാക്കിയ ആഴിയിലൂടെ മുരുകഭക്തൻമാർ നടന്നു നീങ്ങി.
നൂറു കണക്കിന് ഭക്തൻമാരാണ് കാവടിയേന്തി അഗ്നിയിലൂടെ നടന്നു നീങ്ങിയത്. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ആളുകൾ അഗ്നിക്കാവടി കാണാൻ ക്ഷേത്രസന്നിധിയിലെത്തിയിരുന്നു. വൈകുന്നേരം പാൽക്കാവടി അഭിഷേകവും നടത്തി. വിവിധ പ്രദേശങ്ങളിൽ നിന്നും പറവകാവടി, വേൽകാവടി, സൂര്യകാവടി ഉൾപ്പെടെയുള്ള കാവടികളും വാദ്യമേളങ്ങളോടെ രാത്രി ഏഴോടെ ശ്രീമുരുകന്റെ സന്നിധിയിലെത്തി. ഇന്നു വൈകുന്നേരം നടക്കുന്ന തിരുവാറാട്ടോടെ ഉത്സവം സമാപിക്കും.