മഴക്കാടുകളെ ഇല്ലാതാക്കി കാട്ടുതീ; ജലസ്രോതസുകൾ നശിക്കുന്നു
1279491
Monday, March 20, 2023 11:57 PM IST
കാട്ടാക്കട: വനത്തോട് സമൂഹം കാണിക്കുന്ന അവഗണന ചൂണ്ടിക്കാണിക്കാൻ ദിനാചരണം നട ക്കുന്പോൾ പശ്ചിമഘട്ടത്തിലെ പ്രധാന വനമായ അംഷംബുകാട് എന്നറിയപ്പെടുന്ന അഗസ്ത്യ വനത്തിൽ കാട്ടുതീ തീരാക്കെടുതിയായി മാറുന്നു.
കാട്ടുതീ വരുത്തുന്ന ദോഷങ്ങൾ ആരും ചർച്ചയ്ക്ക് എടുക്കാതെയാകുമ്പോൾ നശിക്കുന്നത് ജലസ്രോതസുകളാണ്. വർഷാ വർഷം കാട്ടിൽ കിലോമീറ്ററുകളാണ് തീ പിടിക്കുന്നത്. തീ മരങ്ങളെ തിന്നുന്നതിനൊപ്പം നശിക്കപ്പെടുന്നത് ഭൂഗർഭ ജലത്തിന്റെ ഉത്ഭവമായ പുൽമേടുകളാണ്. കേരളവും തമിഴ്നാട്ടിലെ തിരുനെൽവേലിയും പങ്കിടുന്ന മേ ഖ ലയാണ് അഗസ്ത്യവനം. കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതം വരുന്നത് ഈ പൈത്യകവനത്തിലാണ്. ഇവിടെ കഴിഞ്ഞ 20 വർഷമായി വൻ തോതിലാണ് തീ പിടിക്കുന്നത്.
പുൽമേടുകൾ നശിക്കുന്നത് വലിയ കാര്യമായി വനംവകുപ്പ് കാണാറില്ല. രണ്ടു വർഷം മുൻപ് ഇവിടം സന്ദർശിച്ച യുഎൻ സംഘവും പുൽമേടുകളുടെ പ്രധാന്യവും എടുത്തു കാണിച്ചിരുന്നു. ആമസോൺ കാടുകളിൽ വൻ തോതിൽ പുൽമേടുകൾ നശിച്ചതും അതിനു പിന്നാലെ വരൾച്ച വന്നതും അവർ എടുത്തു പറഞ്ഞിരുന്നതാണ്. ഇക്കുറി തീർഥക്കര, കതിരുമുടി, പ്ലാത്ത്, എറുമ്പിയാട്, നാച്ചിയാർമൊട്ട, ഏഴുമടക്കൻത്തേരി, കൂരൻചാടിയ കടവ് തുടങ്ങി പത്തോളം സ്ഥലങ്ങളിലാണു തീ പിടിച്ചത്. വിവരമറിഞ്ഞ് വാച്ചർമാർ എത്തുമ്പോഴേക്കും തീ കത്തി തീർന്നിരിക്കും. ഡോ. എം.എസ്. സ്വാമിനാഥൻ ഉൾപ്പെടെയുള്ള വിദഗ്ധസംഘം പുൽമേടുകളിൽ തീ പിടിക്കുന്നത് തടയാൻ കർശന നടപടിയെടുക്കണമെന്ന് നിർദേശം നൽകിയിരുന്നതാണ്.