കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് താരങ്ങൾക്ക് പരിക്ക്
1245809
Sunday, December 4, 2022 11:43 PM IST
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിലെ ഫീൽഡ് ഇനങ്ങൾ നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ മരച്ചില്ല ഒടിഞ്ഞ് വീണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയ കായികതാരം ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. ഗാലറിയിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലയാണ് ഒടിഞ്ഞുവീണത്. ഇന്നലെ രാവിലെ ജൂണിയർ ആണ്‍കുട്ടികളുടെ ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെയാണ് ഗാലറിയിലേക്ക് വലിയ ശബ്ദത്തോടെ മരം ഒടിഞ്ഞുവീണത്.
മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളും അവർക്കൊപ്പമുണ്ടായിരുന്ന കായികാധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ 50 ലധികം ആളുകൾ ഈ സമയം ഇവിടെ ഉണ്ടായിരുന്നു. വൻ ശബ്ദത്തോടെ മരച്ചില്ല ഒടിയുന്നത് കണ്ട് ഇവിടിരുന്നവർ ഓടിരക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഒടിഞ്ഞ ചില്ല തലയിൽ തട്ടിയ എറണാകുളം ശാലോം എച്ച്എസിലെ കെ.പി. അഭിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ആലത്തിയൂർ കെഎച്ച്എംഎസ്എസിലെ കോച്ച് റിയാസ് , കായികതാരം ഹരിത സുധീർ എന്നിവർക്കും പരിക്കേറ്റു.
ആണ്‍കുട്ടികളുടെ ജൂണിയർ ഹാമർത്രോയിലെ സുവർണനേട്ടത്തിന് ഉടമയായ മുഹമ്മദ് നിഹാലും രക്ഷിതാക്കളും ഇരുന്ന സ്ഥലത്തേയക്കായിരുന്നു മരച്ചില്ല ഒടിഞ്ഞുവീണത്.
പരിക്കേറ്റവരെ ജന.ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരികെ സ്റ്റേഡിയത്തിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിന് തൊട്ടുപിന്നാലെ ചെങ്കൽച്ചൂളയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തി മരച്ചില്ലകൾ മുറിച്ചു മാറ്റി.