മകളുടെ ആൺസുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
1224064
Saturday, September 24, 2022 12:14 AM IST
വർക്കല: വീട്ടിലെത്തിയ മകളുടെ ആണ്‍സുഹൃത്തിനെ അച്ഛൻ വെട്ടിപരിക്കേൽപ്പിച്ചു. വർക്കല ചരുവിള വീട്ടിൽ ബാലുവിനാണ് വെട്ടേറ്റത്. പെണ്‍കുട്ടിയുടെ അച്ഛൻ ജയകുമാറിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
ജയകുമാറിന്റെ മകളും ബാലുവുമായി അടുപ്പത്തിലായിരുന്നു. മൂന്നു വർഷം മുമ്പ് ഇതേ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന പരാതിയിൽ ബാലുവിനെതിരെ പോക്സോ കേസെടുക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജയിലിൽ നിന്നുമിറങ്ങിയ ശേഷവും ഇവരുടെ ബന്ധം തുടർന്നു. ഈ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന് ഇരുവരും തയാറായില്ല.
പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ബാലു പോലീസിനോട് പറഞ്ഞത്. വീട്ടിനു പിറകിൽ രണ്ടുപേരെയും കണ്ടതോടെ പിതാവ് ജയകുമാർ പ്രകോപിതനാവുകയും വെട്ടുകത്തിയെടുത്ത് ബാലുവിനെ ആക്രമിക്കുകയുമായിരുന്നു. തലക്കും മുതുകിനുമാണ് വെട്ടേറ്റത്. വെട്ട് തടയാൻ ശ്രമിച്ച ജയകുമാറിന്റെ ഭാര്യയുടെ കൈയ്ക്കും പരിക്കേറ്റു.
വെട്ടിയ ശേഷം നഗരത്തിലേക്ക് പോയ ജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.