കൊടുവായൂർ: ഗ്രാമപഞ്ചായത്ത് ലൈബ്രറി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. ശബരീശൻ അധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.ഷാജഹാൻ വിഷയാവതരണം നടത്തി. പഞ്ചായത്ത് മെംബർ രാജൻ, ആന്റോ പീറ്റർ, ടി.എൻ. മിനി എന്നിവർ പ്രസംഗിച്ചു. വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് എത്തിയ വിദ്യാർഥികളും അധ്യാപകരും ലൈബ്രറി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
കൊടുവായൂർ : ജിഎച്ച്എസ്എസ് സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു. പ്രധാന അധ്യാപിക സി. വിനിത, പിടിഎ പ്രസിഡന്റ് കെ. രവിചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. എക്സൈസ് പ്രവന്റീവ് ഓഫീസർ എ.ഷാജഹാൻ, വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസെടുത്തു. വിമുക്തി ക്ലബ് ചുമതലയുള്ള അധ്യാപികമാരായ എസ്. ദീപ, ആർ. അഞ്ജലി എന്നിവരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ് ശേഖരണവും റാലിയും നടത്തി.
നെന്മാറ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നെന്മാറ ബേത് ലേഹം കമ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ ലഹരിവിരുദ്ധ സന്ദേശറാലിയും ബോധവത്കരണ പരിപാടിയും നടത്തി. രാവിലെ 10 ന് പോത്തുണ്ടി റോഡിൽനിന്നും ആരംഭിച്ച റാലി എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീൺ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെയുള്ള സന്ദേശവുമായി സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ ടൗണിൽ സഞ്ചരിച്ച് പഞ്ചായത്ത് ഗ്രൗണ്ടിൽ പ്രവേശിച്ചു.
സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അമിർജാൻ, ബാബു പോൾ, സൂര്യ തുടങ്ങിയവർ പ്രസംഗിച്ചു.
നെന്മാറ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പല്ലാവൂർ ഗവ. എൽപി സ്കൂളിൽ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. ദേശീയ അധ്യാപക പുരസ്ക്കാര ജേതാവ് എ. ഹാറൂൺ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് ടി.ഇ. ഷൈമ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ശ്രീജമോൾ, സുരക്ഷാ ക്ലബ് കൺവീനർ വി.കെ. അർച്ചന, ആരോഗ്യ ശുചിത്വ ക്ലബ് കൺവീനർ കെ. ഗിരിജ, എസ്ആർജി കൺവീനർ എം. ടിന്റു, എസ്. പ്രിയ, സവിത, ടി.വി. പ്രമീള എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, കുട്ടികൾക്കായി പോസ്റ്റർ നിർമാണം, ചിത്ര പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.