തൃശൂർ: വായനയും ലൈബ്രറികളുടെ നല്ല ഉപയോഗവും സംസ്കാരത്തിന്റെയും പുരോഗതിയുടെയും ഗതി നിർണയിക്കുമെന്നും സമൂഹത്തിൽ ജനാധിപത്യവും സമാധാനവും നിലനിർത്തുന്നതിന് അനിവാര്യമാണെന്നും സാഹിത്യകാരൻ ബെന്യാമിൻ അഭിപ്രായപ്പെട്ടു.
അമല ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ കീഴിലുള്ള മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, നഴ്സിംഗ് സ്കൂൾ, പാരാമെഡിക്കൽ, ആയുർവേദം എന്നീ പഠനവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ വായനവാരാഘോഷവും വായനയും ആരോഗ്യവും എന്ന വിഷയത്തിലുള്ള സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമലയിലെ അധ്യാപകരായ ഡോ. ടി.എ. അജിത്ത്, ഡോ. മിനി കരിയപ്പ, ഡോ. ലില്ലി പുഷ്പം, ലൈബ്രേറിയൻ കെ.ഒ. ഡേവിസ് എന്നിവരുടെ മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ചു. ഫാ. ഡെൽജോ പുത്തൂർ സിഎംഐ, ഫാ. ആന്റണി പെരിഞ്ചേരി സിഐഐ, ഫാ. ആന്റണി മണ്ണുമ്മൽ സിഎംഐ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
വിവിധ കോളജുകളിലെ നല്ല വായനക്കാർക്കുള്ള ഫാ. ഗബ്രിയേൽ ബെസ്റ്റ് ലൈബ്രറി യൂസർ അവാർഡുകളും വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം പ്രഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.ടി. ഫ്രാൻസിസ് നടത്തി. അമലയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. സുനു ലാസർ സിറിയക് വായനയും ആരോഗ്യവും" എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ സിഎംഐ, കോളജ് മേധാവികളായ ഡോ. ബെറ്റ്സി തോമസ്, സിസ്റ്റർ ലിത ലിസ്ബത്ത്, ഡോ. എം.സി. സാവിത്രി, സിസ്റ്റർ മിനി എസ്സിവി, ഡോ. ഓസ്റ്റിൻ, സെന്റ് തോമസ് കോളജ് ലൈബ്രേറിയൻ സാൻജോ ജോസ്, വിദ്യാർഥി യൂണിയൻ ഭാരവാഹികളായ ചിത്ര പി. രാജ്, അലീന മണ്ണനാൽ ജിജി, എയ്ഞ്ചൽ റോസ്, ഇ.എസ്. ശ്രീലേഖ, കെ.എസ്. സ്നേഹ എന്നിവർ പ്രസംഗിച്ചു.