വെള്ളരിക്കുണ്ട്: സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ യോഗാസനം അഭ്യസിക്കുകയും യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സെമിനാറുകളും ക്ലാസ്സുകളും നടത്തുകയും ചെയ്തു. യോഗാ ദിനത്തിൽ 'സ്കൂൾ ഹെൽത്ത് ആൻഡ് വെൽനസ് ക്ലബ്' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മലേപ്പറമ്പിൽ, ഭാരവാഹികളായ വി.രാജേഷ്, മിനി സെബാസ്റ്റ്യൻ, റോഷൻ ജോഷി, അലോണ ജോബി, കെ.എൽ.ആശ എന്നിവർ നേതൃത്വം നൽകി.
പാലാവയൽ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പാലാവയൽ സെന്റ് ജോൺസ് സ്കൂളിലെ എൻസിസി, എസ്പിസി കേഡറ്റുകൾക്ക് യോഗ പരിശീലകനായ നിധിൻ ജോസ് പരിശീലനം നൽകി.
യോഗ ദിനാചരണം മുഖ്യാധ്യാപിക പി.സി.സോഫി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സനീഷ് ജോൺ, അനീഷ് ജോൺ, ജിഷ ജോൺ എന്നിവർ നേതൃത്വം നൽകി.
മാലക്കല്ല്: സെന്റ് മേരീസ് സ്കൂളിൽ യോഗ ദിനത്തിൽ യോഗാചാര്യനും കരാട്ടെ അധ്യാപകനുമായ ഷാജി പൂവക്കളം കുട്ടികൾക്ക് ബോധവത്കരണ ക്ലാസും യോഗ പരിശീലനവും നടത്തി. മുഖ്യാധ്യാപൻ എം.എ.സജി സ്വാഗതവും ജിമ്മി ജോർജ് നന്ദിയും പറഞ്ഞു.
കരിവേടകം: എയുപിഎസിൽ അന്താരാഷ്ട്ര യോഗാ ദിനവും സംഗീതദിനവും നടത്തി. യോഗാ ദിന ഉദ്ഘാടനം പി.എം.രാമചന്ദ്രൻ നിർവഹിച്ചു. സംഗീതദിനോദ്ഘാടനം സംഗീതാധ്യാപകൻ നോബിൾ ജോസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജോസ് പാറത്തട്ടേൽ അധ്യക്ഷതവഹിച്ചു. മുഖ്യാധ്യാപിക സി.ജെ.എൽസമ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റെനീഷ് തോമസ് നന്ദിയും പറഞ്ഞു.
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് പാറേക്കുടിലിൽ, പഞ്ചായത്തംഗം തേജസ് ഷിന്റോ, പെരുമ്പടവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ.പി.ജോസുകുട്ടി, സ്കൂൾ പ്രിൻസിപ്പൽ ഡോ.മെൻഡലിൻ മാത്യു, മുഖ്യാധ്യാപിക പി.സി.സോഫി, പിടിഎ പ്രസിഡന്റ് സോമി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
കടുമേനി: സെന്റ് മേരീസ് ഹൈസ്കൂളിൽ തലശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണവും അന്താരാഷ്ട്ര സംഗീത ദിനാചരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ദിലീപ് ടി.ജോസഫ് അധ്യക്ഷത വഹിച്ചു. യോഗ പരിശീലകനും കമ്പല്ലൂർ ഗവ.എച്ച്എസ്എസ്. റിട്ട.അധ്യാപകനുമായ പി.കെ.സതീശൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ആൻ മരിയ കർണാടക സംഗീതം ആലപിച്ചു. മുഖ്യാധ്യാപകൻ എം.എ.ജിജി, സ്റ്റാഫ് സെക്രട്ടറി സിന്ധു അഗസ്റ്റിൻ, മദർ പിടിഎ പ്രസിഡന്റ് എൽസി തോമസ് പാറശേരിൽ എന്നിവർ പ്രസംഗിച്ചു.
പരപ്പ: മദര്‍ സവീന റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ നടന്ന യോഗാ ദിനാചരണം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്സി കോയിക്കര ഉദ്ഘാടനം ചെയ്തു. മാനേജര്‍ സിസ്റ്റര്‍ ജോസഫിന അധ്യക്ഷതവഹിച്ചു. സിസ്റ്റര്‍ സൗമ്യ, മിനി, ലിനു ബാബു, ലിജി, ജിജി, അഞ്ജു എന്നിവര്‍ സംസാരിച്ചു. മനോജ് പള്ളിക്കര ക്ലാസ് നയിച്ചു.
തൃക്കരിപ്പൂർ: സെന്റ് പോൾസ് എയുപി സ്കൂളിൽ നടന്ന യോഗ ദിനാചരണം സംസ്ഥാന യോഗ റഫറി ഷൈമ സന്തോഷ് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക സിസ്റ്റർ ഷീന ജോർജ്, എം.ടി.പി.ഷഹീദ്, സുല കണ്ണൻ, എൻ.ദിവ്യ എന്നിവർ പ്രസംഗിച്ചു.