തളിപ്പറന്പ്: അമ്മമാർ കുടുംബമൂല്യങ്ങളുടെ സംരക്ഷകരാണെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപത മാതൃവേദിയുടെ ജനറൽബോഡി യോഗം തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെ്യതു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. മാതൃവേദിയുടെ വാർത്താപത്രിക "മാതൃദീപ്തി’യുടെ പ്രകാശനവും ആർച്ച്ബിഷപ് നിർവഹിച്ചു.
അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. അതിരൂപതയിലെ 19 മേഖലകളിൽ നിന്നും 213 യൂണിറ്റുകളിൽ നിന്നുമായി 350 ഒാളം അമ്മമാർ യോഗത്തിൽ പങ്കെടുത്തു. 2023 ജൂൺ മുതൽ ഡിസംബർ വരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തി മേഖലകൾക്കും യൂണിറ്റുകൾക്കും ഗ്രേഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മേഖലകളിൽ മേരിഗിരി ഒന്നാം സ്ഥാനവും നെല്ലിക്കാംപൊയിൽ രണ്ടാം സ്ഥാനവും മണിക്കടവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂണിറ്റുകളിൽ പെരുമ്പടവ്, ഹൊസങ്കടി എന്നിവ ഒന്നാം സ്ഥാനവും കച്ചേരിക്കടവ്, കാഞ്ഞിരക്കൊല്ലി എന്നിവ രണ്ടാം സ്ഥാനവും മണിക്കടവ്, പയ്യാവൂർ, വട്ടിയറ എന്നിവ മൂന്നാം സ്ഥാനവും നേടി.
അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പിൽ, അതിരൂപത ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, പനത്തടി മേഖല ഡയറക്ടർ ഫാ. വർഗീസ് ചെരിയംപുറത്ത്, തളിപ്പറമ്പ് മേഖല ആനിമേറ്റർ സിസ്റ്റർ ദീപ എഫ്സിസി, കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് മേഴ്സി വാതപ്പള്ളിൽ, അതിരൂപത വൈസ് പ്രസിഡന്റ് പ്രസന്ന മാങ്ങാട്ട്, അതിരൂപതാ സെനറ്റ് മെംബർ മേരിക്കുട്ടി തോപ്പുകാലായിൽ എന്നിവർ പ്രസംഗിച്ചു.
പുതുതായി ചുമതല ഏറ്റെടുത്ത ഡയറക്ടർമാർ, ആനിമേറ്റർമാർ എന്നിവർക്ക് സ്വീകരണം നൽകി. അതിരൂപത ജോയിന്റ് സെക്രട്ടറി റീന മാളിയാംപുരയ്ക്കൽ, ഗ്ലോബൽ സെക്രട്ടറി ഡിമ്പിൾ കൂട്ടുങ്കൽ, ഫൊറോന ഡയറക്ടർ, വൈദികർ, ആനിമേറ്റർ സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി. അതിരൂപത സെക്രട്ടറി മിനി മംഗലത്തിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാന്റി മാമ്മൂട്ടിൽ കണക്കുകളും അവതരിപ്പിച്ചു.തളിപ്പറമ്പ്, കിളിയന്തറ, മണ്ഡപം, പടുപ്പ് യൂണിറ്റുകളിലെ അമ്മമാർ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.