പെരിന്തല്‍മണ്ണ: സിബിഎസ്ഇ സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം റീജിയന് സംഘടിപ്പിക്കുന്ന പ്രതിഭാ നിര്‍ണയ പരീക്ഷ (എം സാറ്റ് ) ഈ വര്‍ഷത്തെ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കൂടുതല്‍ വിദ്യാര്‍ഥികളെ അണിനിരത്തിയ കൂരിയാട് ജെംസ് പബ്ലിക് സ്കൂള്‍, കോട്ടക്കല്‍ പീസ് പബ്ലിക് സ്കൂള്‍, മലപ്പുറം മഅ്ദിന്‍ പബ്ലിക് സ്കൂള്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവാര്‍ഡ് ജേതാക്കള്‍ക്ക് ശിലാഫലകവും യഥാക്രമം 10000, 8000, 6000 രൂപ കാഷ് അവാര്‍ഡുകളും വിതരണം ചെയ്യും.
ഈ അധ്യയന വര്‍ഷം മികവുറ്റ എംസാറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നേതൃത്വം നല്കിയ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് പ്രവര്‍ത്തന മികവിന് സഹോദയ എംസാറ്റ് അച്ചീവര്‍ പുരസ്കാരവും നല്‍കും.
കെ. ഫെബി (ജെംസ് സ്കൂള്‍ കൂരിയാട്), കെ.ടി. സംഗീത (പീസ് പബ്ലിക് സ്കൂള്‍ കോട്ടക്കല്‍),
പി. ഷാഹിന (ബെഞ്ച്മാര്‍ക്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍, മഞ്ചേരി), കെ.പി. റഹാഷ്യ മോള് (വിദ്യാനഗര്‍ പബ്ലിക് സ്കൂള്‍ മലപ്പുറം), ഇ.എസ്. ശിന്സി ( ദി ഹൊറൈസണ്‍ സ്കൂള്‍ വാഴയൂര്‍) എന്നിവര്‍ക്ക് പ്രശംസാപത്രവും ശിലാഫലകവും എംസാറ്റ് അവാര്‍ഡ് ഡേയില്‍ സമ്മാനിക്കും.
പെരിന്തല്‍മണ്ണ സില്‍വര്‍ മൗണ്ട് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ചേര്‍ന്ന സഹോദയ എംസാറ്റ് കൗണ്‍സില്‍ യോഗം മേഖലാ പ്രസിഡന്റ് എം. അബ്ദുള്‍നാസര്‍ ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ സിറ്റി കോ ഓര്‍ഡിനേറ്റര്‍ പി. ഹരിദാസ് അധ്യക്ഷത വഹിച്ചു.
എംസാറ്റ് പരീക്ഷ കണ്ട്രോളര് സി.കെ. ഹൗസത്ത്, ജനറല്‍ സെക്രട്ടറി എം. ജൗഹര്‍, മുഖ്യരക്ഷാധികാരി കെ. ഉണ്ണികൃഷ്ണന്, കൗണ്‍സില്‍ മെംബര്‍മാരായ ഡോ.സ്വീറ്റി പുലിക്കോട്ടില്‍, വിനീത വി. നായര്‍, മാത്യു സെബാസ്റ്റ്യന്‍, പി.എം. ബിജു, എസ്. സ്മിത, കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.