രോഹിത്തിന് സെഞ്ചുറി, രഹാനയ്ക്ക് അർധ സെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട നിലയിൽ
Saturday, October 19, 2019 4:56 PM IST
റാഞ്ചി: രോഹിത് ശർമയുടെ സെഞ്ചുറിയുടെയും ഉപനായകൻ അജിങ്ക്യ രഹാനെയുടെ അർധ സെഞ്ചുറിയുടെയും പിൻബലത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ. വെളിച്ചക്കുറവ് മൂലം ഒന്നാം ദിനം നേരത്തെ കളിനിർത്തുമ്പോൾ ഇന്ത്യ 224/3 എന്ന നിലയിലെത്തി. 117 റണ്‍സോടെ രോഹിതും 83 റണ്‍സുമായി രഹാനെയും ക്രീസിലുണ്ട്.

39/3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ രോഹിത്-രഹാനെ സഖ്യം കൈപിടിച്ചുയർത്തി. നാലാം വിക്കറ്റിൽ രോഹിത്-രഹാനെ സഖ്യം ഇതുവരെ 185 റണ്‍സ് ചേർത്തിട്ടുണ്ട്. പരമ്പരയിലെ രോഹിത്തിന്‍റെ മൂന്നാം സെഞ്ചുറിയാണ് റാഞ്ചിയിൽ പിറന്നത്. 14 ഫോറും നാല് സിക്സും രോഹിത് നേടി. 11 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മയങ്ക് അഗർവാൾ (10), ചേതേശ്വർ പൂജാര (0), വിരാട് കോഹ് ലി (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യദിനം നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ രണ്ടു വിക്കറ്റ് വീഴ്ത്തി.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. പേസർ ഇഷാന്ത് ശർമയ്ക്ക് പകരം ഷഹബാസ് നദീമിനെ ഇന്ത്യ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഷഹബാസ് നദീമിന്‍റെ ടെസ്റ്റ് അരങ്ങേറ്റമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.