കുഴപ്പമില്ല മോനേ, പുരികത്തിന് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു; മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് നടൻ മോഹൻലാൽ
Wednesday, July 2, 2025 3:00 PM IST
ചൊവ്വാഴ്ച ചാനൽ മൈക്ക് കണ്ണിൽ തട്ടിയ സംഭവത്തിനു കാരണക്കാരനായ മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് നടൻ മോഹൻലാൽ. വിഷമിക്കണ്ടെന്നും തനിക്ക് യാതൊരു പ്രയാസവുമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകനോട് പറഞ്ഞു.
ഫോൺ വയ്ക്കാൻ നേരം ‘ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ’ എന്ന ഡയലോഗ് തമാശയ്ക്ക് ആവർത്തിക്കുക കൂടി ചെയ്തു.
""ഹലോ, ഞാൻ ലാലാണ്. കഴിഞ്ഞ കാര്യമല്ലേ, അത് വിട്ടേക്ക്. കുഴപ്പമൊന്നുമില്ല. ഇനി എന്തായാലും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ഇത് എന്താണ് സംഭവം എന്നുവച്ചാൽ, അഞ്ചു മണിക്കോ ആറു മണിക്കോ ഒരു പോസ്റ്റ് (വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമ) ഇടണം എന്ന് പറയുന്നു, ഞാൻ ഇട്ടോളൂ എന്ന് പറയുന്നു.
അത് കഴിഞ്ഞു ഞാനൊരു പരിപാടിക്കു കയറി. അതിനിടയിൽ ന്യൂസിൽ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. അറിയാത്ത ഒരു കാര്യം സംസാരിക്കാൻ കഴിയില്ലല്ലോ. അതാണ് ഞാൻ എനിക്കറിയില്ല, അറിഞ്ഞിട്ടു പറയാം എന്ന് പറഞ്ഞുകൊണ്ടിരുന്നത്.
അറിഞ്ഞുകൂടാത്ത ഒരു കാര്യം സംസാരിക്കാൻ കഴിയില്ലല്ലോ. ന്യൂസിൽ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്തായാലും ഇപ്പോൾ ‘പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു’, കുഴപ്പമൊന്നുമില്ല. ന്ത് ചെയ്യാൻ പറ്റും, ചിലർക്ക് പറയാൻ ഒന്നും കിട്ടിയില്ല അപ്പോൾ നിങ്ങളെ പിടിച്ചിട്ടു, അത്രയേ ഉള്ളൂ. കുഴപ്പമില്ല ടേക്ക് കെയർ. ഞാൻ പക്ഷേ നോക്കി വച്ചിട്ടുണ്ട്, ഇട്സ് ഓക്കേ മോനേ, ടേക്ക് കെയർ.’’
സാമൂഹ മാധ്യമങ്ങളിൽ ഈ സംഭവത്തിനു കാരണക്കാരനായ മാധ്യമപ്രവർത്തകനെ കുറ്റപ്പെടുത്തുന്ന വിമർശനങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് മോഹൻലാൽ ഈ മാധ്യമപ്രവർത്തകന്റെ ഫോൺ നമ്പർ കണ്ടെത്തി അയാളെ വിളിച്ചത്.
മോഹൻലാലിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ സനിൽകുമാറിന്റെ ഫോണിൽ നിന്നാണ് മാധ്യമപ്രവർത്തകനെ ബന്ധപ്പെട്ടത്.