നൃത്തവേദികളിലെ രത്നത്തിളക്കം
Thursday, December 5, 2024 12:17 PM IST
നൃത്താധ്യാപിക എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല തൃപ്പൂണിത്തുറ ഉദയംപേരൂര്‍ സ്വദേശി രത്നം ശിവറാമിനെ. ജീവിത പ്രതിസന്ധികള്‍ ഓരോന്നായി ചിലങ്ക കെട്ടിയാടിയപ്പോള്‍ അതിനെയെല്ലാം നൃത്തം കൊണ്ടു തോല്‍പ്പിക്കുകയാണ് ഈ 79കാരി.
ഉദയംപേരൂരിലെ സൗപര്‍ണിക ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാദമിയില്‍ തന്റെ ശിക്ഷ്യഗണങ്ങള്‍ക്ക് നൃത്തച്ചുവടുകള്‍ പകര്‍ന്നു നല്കുമ്പോള് ടീച്ചര്‍ക്ക് നൃത്തം മനസിന്റെ മുറിവ് ഉണക്കാനുള്ള ഔഷധം കൂടിയാണ്.
നിനച്ചിരിക്കാതെ എത്തിയ കാന്‍സര്‍ രോഗവും ഉറ്റവരുടെ മരണവുമെല്ലാം തളര്ത്തുമ്പോഴും രത്നം ടീച്ചര്‍ ശിഷ്യകള്‍ക്കു തന്നിലെ കഴിവ് പകര്‍ന്നു നല്കാന് എപ്പോഴും സന്നദ്ധയാണ്. പ്രായാധിക്യത്തിന്റെ വിഷമതകള്‍ ഈ നര്‍ത്തകിയെ ബാധിച്ചിട്ടില്ല.
ഇന്നും പാട്ടിന്റെ താളത്തിനൊപ്പമുള്ള ചുവടുകളും മുഖത്ത് മിന്നിമായുന്ന വ്യത്യസ്തഭാവങ്ങളും രത്നം ശിവറാം എന്ന നൃത്താ ധ്യാപികയുടെ വിഷമതകളില്‍ തളരാതെ പൊരുതി നേടിയ ജീവിത വിജയത്തിന്റെ കഥ കൂടിയാണ് പറയുന്നത്.
അഞ്ചാം വയസിലെ നൃത്ത പഠനം
ഉദയംപേരൂര്‍ രത്ന വില്ലയില്‍ കൊച്ചുണ്ണി-കമലാക്ഷി ദമ്പതികളുടെ മകളായ രത്നത്തിന് കുട്ടിക്കാലം മുതലേ നൃത്തത്തോട് താത്പര്യം ഉണ്ടായിരുന്നു. നാടക-ചവിട്ടുനാടക കലാകാരനായ കൊച്ചുണ്ണിയും തിരുവാതിര കളിക്കാരിയായ കമലാക്ഷിയും മകളുടെ താത്പര്യം കണ്ട് മൂന്നര വയസുള്ളപ്പോള്‍ തന്നെ ഒരധ്യാപകന്റെ ശിക്ഷണത്തില്‍ നൃത്തം പഠിക്കാനായി ചേര്‍ത്തു.
പിന്നീട് ശാസ്ത്രീയമായി നൃത്തം പഠിക്കട്ടെയെന്ന മോഹത്തില്‍ അഞ്ചാം വയസില്‍ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ കീഴിലായി രത്നത്തിന്റെ നൃത്ത പഠനം. തൃപ്പൂണിത്തുറയില്‍ ടീച്ചറുടെ വീട്ടില്‍ താമസിച്ചായിരുന്നു പഠിനം. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നിവയൊക്കെ അഭ്യസിച്ചു.
അതിനൊപ്പം മറ്റു ഗുരുക്കന്മാര്ക്ക് കീഴിയില്‍ മാര്‍ഗംകളിയും നാടോടിനൃത്തവും ബാലെയും ഗ്രൂപ്പ് ഡാന്‍സും ശാസ്ത്രീയ സംഗീതവുമൊക്കെ സ്വായത്തമാക്കി. തൃപ്പൂണിത്തുറ സംസ്കൃത പാഠശാലയില്‍ അന്നത്തെ ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രത്നം പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി.
പ്രോത്സാഹനം നല്കിയ കന്യാസ്ത്രീകൾ
15-ാം വയസില്‍ രത്നത്തിലെ നൃത്ത അധ്യാപികയെ കണ്ടെത്തിയത് ഉദയംപേരൂരിലെ ഒരു കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ്. സിസ്റ്റര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് രത്നം അടുത്തുളള സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി.
തുടര്‍ന്ന് പല സ്കൂളുകളില്‍നിന്നും നൃത്തം പഠിപ്പിക്കാനായി രത്നത്തിന് ക്ഷണം കിട്ടി. പുതിയകാവ് സെന്റ് ഫ്രാന്‍സിസ് സ്കൂളില്‍ ആറു വര്‍ഷം സെമി ക്ലാസിക്കല്‍ നൃത്തം പഠിപ്പിച്ചു.
ചമ്പക്കര സെന്റ് ജോര്‍ജ് സ്കൂളില്‍ 48 വര്‍ഷം നൃത്താധ്യാപികയായി. തിരുവാങ്കുളം സെന്റ് ജോര്‍ജ് സ്കൂളിലും അധ്യാപികയായെത്തി. ആഴ്ചയില്‍ രണ്ടു ദിവസം എന്ന രീതിയില്‍ വിവിധ സ്കൂളുകളില്‍ രത്നം ടീച്ചര്‍ നൃത്തം പഠിപ്പിച്ചു.
നഗരത്തിലെ പല പ്രമുഖ സ്കൂളുകളിലെയും വിദ്യാര്‍ഥികളെ സ്കൂള്‍ കലോത്സവത്തിനായി ടീച്ചര്‍ ഒരുക്കി. ഈ വിദ്യാര്‍ഥികളില്‍ പലര്‍ക്കും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയിക്കാനുമായി.
കൂട്ടായി ഇരുമ്പനം ശിവറാമും
എഴുത്തുകാരനും നാടക കലാകാരനുമായ ഇരുമ്പനം ശിവറാമിന്റെ ജീവിത സഖിയായതോടെ രത്നത്തിന്റെ ജീവിതം കൂടുതല്‍ തിളക്കമുളളതായി. എവിടെ നൃത്ത പരിപാടികള്‍ ഉണ്ടെങ്കിലും ഭാര്യയെ അതു കാണിക്കാനായി ശിവറാം കൊണ്ടുപോകും. ഇതിലൂടെ പല പ്രമുഖ നര്‍ത്തകിമാരെയും നേരിട്ടു കാണാന്‍ രത്നം ടീച്ചറിനു കഴിഞ്ഞു.
അജിത, അജയന്, അജിത്ത് എന്നീ മൂന്നു മക്കളുടെ അമ്മയായെങ്കിലും തന്റെ ഇഷ്ട കലയെ രത്നം ടീച്ചര്‍ കൈവിട്ടില്ല. വിവിധ ജില്ലകളിലെ സ്കൂള്‍ വിദ്യാര്‍ഥിനികളെ കലോത്സവത്തിനായി നൃത്തം പഠിപ്പിച്ചു. ഇതിനകം രണ്ടായിരത്തിലധികം പേരെ രത്നം ടീച്ചര്‍ നൃത്തം പഠിപ്പിച്ചിട്ടുണ്ട്.
പ്രതിസന്ധികളില്‍ തളരാതെ
നൃത്തത്തെ കൂട്ടുപിടിച്ച് സന്തോഷകരമായി ജീവിതം മുന്നോട്ടു പോകവെയാണ് ആറു വര്‍ഷം മുമ്പ് അര്‍ബുദം രത്നം ടീച്ചറെ പിടികൂടിയത്. ഗര്‍ഭാശയത്തെ കാര്‍ന്നു തിന്നു തുടങ്ങിയ രോഗം മൂലം നന്നേ അവശയായ ടീച്ചര്‍ക്ക് നൃത്തം ഉപേക്ഷിക്കേണ്ടിവരുമെന്ന അവസ്ഥയിലെത്തി.
തുടര്‍ന്ന് ഡോ. പി.വി. ഗംഗാധരന്റെ മേല്‍നോട്ടത്തില്‍ നടന്ന ചികിത്സയില്‍ രോഗം ഏതാണ്ട് ഭേദമായി രത്നം ടീച്ചര്‍ വീണ്ടും ചിലങ്ക കെട്ടി. ഇതിനിടയില്‍ ഉദയംപേരൂരില്‍ സൗപര്‍ണിക ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാദമി എന്ന നൃത്തവിദ്യാലയവും ടീച്ചര്‍ തുടങ്ങി.
കാഠിന്യമുള്ള സ്റ്റെപ്പുകള്‍ ചെയ്യരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതോടെ സഹായികളായി നാല് അധ്യാപികമാരെ ടീച്ചര്‍ അവിടെ നിയമിച്ചു. എങ്കിലും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി ടീച്ചര്‍ അവര്‍ക്കൊപ്പം എന്നും അക്കാദമിയിലുണ്ടാകും. പാട്ട്, ഡാന്‍സ്, ചിത്രരചന, വയലിന് എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്നത്. നൂറിലധികം പേര് അക്കാദമിയില്‍ പഠിക്കുന്നുണ്ട്.
മൂന്നര വയസു മുതല്‍ 65 വയസുവരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ജോലിക്കാരായ അ മ്മമാര്ക്കുവേണ്ടി പ്രത്യേക ക്ലാസും ഉണ്ട്. രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് ശിവറാമിന്റെ അപ്രതീക്ഷിത മരണം രത്നം ടീച്ചറെ തളർത്തി. തുടര്‍ന്ന് പേരക്കുട്ടിയെയും മകന് അജയനേയും ഈ അമ്മയ്ക്ക് നഷ്ടമായി. തന്റെ മനസിന്റെ വിഷമം മാറ്റാന്‍ നൃത്തം സഹായിക്കുന്നുണ്ടെന്നാണ് ടീച്ചര്‍ പറയുന്നത്.
ബൈബിള്‍ കലോത്സവം, കുടുംബശ്രീ, കുടുംബയൂണിറ്റ് വാര്‍ഷിക പരിപാടികള്‍ക്കായി ടീച്ചര്‍ നൃത്ത ക്ലാസ് എടുക്കാറുണ്ട്. തിരുവാതിര, നാടോടി നൃത്തം, മയൂര നൃത്തം, ആദിവാസി നൃത്തം, മുക്കുവ നൃത്തം എന്നിവയാണ് പലയിടത്തും പഠിപ്പിക്കുന്നത്. അടുത്തി ടെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന വയോമിത്രം പരിപാടിയില്‍ മേക്കര വയോമിത്രത്തിനു കീഴില്‍ ടീച്ചറും സംഘവും തിരുവാതിര കളിയും കോല്‍കളിയും അവതരിപ്പിച്ച് കൈയടി നേടി.
വയോമിത്രം പരിപാടികളില്‍ 60 മുതല്‍ 85 വയസുവരെയുള്ളവരാണ് ടീച്ചറുടെ ശിക്ഷ്യകള്. ഇവരെ സൗജന്യമായിട്ടാണ് പഠിപ്പിക്കുന്നത്. സഹോദരന് ശശി വടക്കേടത്തിന്റെ വണ്ടിക്കാള എന്ന ഹ്രസ്വചിത്രത്തില്‍ രത്നം ടീച്ചര്‍ അടുത്തിടെ അഭിനയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആദ്യമായി മെഗാ തിരുവാതിര അവതരിപ്പിച്ചതും രത്നം ടീച്ചറും സംഘവുമാണ്.
"നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാഭാഗ്യംതന്നെയല്ലേ...' സ്വീകരണ മുറിയില്‍ തൂക്കിയിരിക്കുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ഫോട്ടോയില്‍ നോക്കി വന്ദിച്ച് രത്നം ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.