ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളില്‍ അടുത്തതായി എഐ എഴുതി ഈണമിട്ട ഗാനം കേള്‍ക്കാം, പാടിയത് എഐ...- ഇങ്ങനെയൊരു അനൗണ്‍സ്മെന്റ് റേഡിയോയില്‍ കേള്‍ക്കുന്ന കാലം അടുത്തുവോ? എഐ ഉണ്ടാക്കുന്ന പാട്ട് ഹിറ്റാകുമോ? സംഗീതാസ്വാദകര്‍ കേള്‍ക്കുമോ?...
ഞാനൊരു പാട്ടുപാടാം എന്ന പാട്ട് ഇപ്പോള്‍ പാടുന്നത് ആരാ? നമ്മുടെ എഐ! ഒരല്പം അതിശയോക്തി എന്നു പറയാമെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ അസാധ്യമെന്നു ചിന്തിച്ചിരുന്ന കാര്യങ്ങള്‍ എഐ പുഷ്പംപോലെ സാധ്യമാക്കി. അര്‍ഥവും ഭാവവും അത്രകണ്ട് ഒക്കില്ലെങ്കിലും അത്യാവശ്യം താമരപ്പൂമ്പൈതലുകളെ പാട്ടുപാടി ഉറക്കാന്‍ എഐക്കു കഴിയും.
സാധാരണക്കാര്‍ക്ക് ഉപയോഗിക്കാവുന്നവിധമുള്ള ലളിതമായ എഐ ടൂളുകള്‍ സംഗീതരംഗത്ത് വ്യാപകമാണ്. വരികള്‍ എഴുതിക്കൊടുത്താല്‍ ഈണമിട്ട് പാടിക്കേള്ക്കിപ്പിക്കുന്ന തരം ടൂളുകള്‍ ഉപയോഗിച്ചുണ്ടാക്കിയ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം കണ്ടുതുടങ്ങിയിരിക്കുന്നു.
ഗായകരുടെ സ്വരങ്ങള്‍ മാറ്റിയുള്ള പരീക്ഷണങ്ങള്‍ യു ട്യൂബില്‍ ധാരാളം. എന്നുവച്ചാല്‍ ജയചന്ദ്രന് പാടിയ പാട്ട് യേശുദാസിന്റെ ശബ്ദത്തില്‍ കേള്‍പ്പിക്കുന്നു, തിരിച്ചും. ഇതുകൊണ്ട് സംഗീതത്തിന് എന്തുനേട്ടം എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
ചര്‍ച്ചകള്‍ തുടരുന്നു
ഒരേസമയം കൗതുകകരവും ആശങ്കപ്പെടുത്തുന്നതുമാണ് പാട്ടില്‍ എഐയുടെ സാന്നിധ്യം. വിവാദങ്ങള്‍ എഐക്കു പുത്തരിയല്ല. മരിച്ചുപോയ ഗായകരുടെ ശബ്ദങ്ങളില്‍ പാട്ടുണ്ടാക്കുന്നു, പുതിയ ഈണങ്ങളുണ്ടാക്കുന്നു, വരികള്‍ എഴുതുന്നു, ശബ്ദങ്ങള്‍ റീപ്ലേസ് ചെയ്യുന്നു...
ഇതിനിടയ്ക്ക് പലപ്പോഴും ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നു. ചര്‍ച്ചകള്‍ പുതുവര്‍ഷത്തിലും തുടരുകയാണ്. മനുഷ്യന്റെ ഭാവാത്മകതയ്ക്ക് ഒപ്പമെത്താന്‍ എഐയ്ക്കു കഴിയുമോ, എന്നെങ്കിലും എഐ ഒരു സൂപ്പര്‍ഹിറ്റ് പാട്ടുണ്ടാക്കുമോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക്, ഏയ് ഇല്ല എന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുകയുമില്ല.
മറ്റേതു രംഗത്തുമെന്നപോലെ എഐ ഉപയോഗിച്ചുള്ള തട്ടിപ്പുകളും തലപൊക്കിക്കഴിഞ്ഞു. വന്‍കിടക്കാരായ ആപ്പിള്‍, ആമസോണ്‍, സ്പോട്ടിഫൈ തുടങ്ങിയവയെ കബളിപ്പിച്ച് ഒരു സംഗീതജ്ഞന് ദശലക്ഷക്കണക്കിനു ഡോളര്‍ കീശയിലാക്കിയ കഥ അടുത്തയിടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എഐ ഉപയോഗിച്ചു തയാറാക്കിയ പാട്ടുകള്‍ അപ്ലോഡ് ചെയ്താണ് കക്ഷി കാശുണ്ടാക്കിയത്. പാട്ടുകേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ അത് എങ്ങനെ സൃഷ്ടിച്ചാലെന്താ എന്ന മറുചോദ്യത്തിനു തീര്‍ച്ചയായും ഇടവുമുണ്ട്.
പ്ലാറ്റ്ഫോമുകള് ധാരാളം
സംഗീതരംഗത്തു ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ എഐ പ്ലാറ്റ്ഫോമുകളുണ്ട്. പലതും കൂടുതല്‍ മെച്ചപ്പെടുത്തലിന്റെ വഴിയിലുണ്. ഓപ്പണ്‍എഐയുടെ ജ്യൂക്ബോക്സ്, ആംപെര്‍ മ്യൂസിക്, ഐവ തുടങ്ങിയവ വളരെ എളുപ്പത്തില്‍ ഉപയോഗപ്പെടുത്താവുന്ന ടൂളുകളാണ്.
ഏറ്റവും കുറച്ച് ഇന്‍പുട്ട് നല്കി വൈവിധ്യമുള്ള സംഗീതം ഒരുക്കാന്‍ കഴിവുണ്ട് ഇവയ്ക്ക്. പശ്ചാത്തലസംഗീതം ഒരുക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ടൂളാണ് ഐവ. വരികളും ഈണവുമടക്കം സൃഷ്ടിക്കുന്ന വല്ലഭനാണ് ജ്യൂക്ക്ബോക്സ്.
മരിച്ചുപോയ ഗായകരുടെ ശബ്ദത്തില്‍ പുതിയ പാട്ടുണ്ടാക്കുന്നത് വളരെ എളുപ്പത്തില്‍ സാധിക്കുന്ന പരിപാടിയാണ്. സാധാരണക്കാരായ ആരാധകര്‍പോലും അങ്ങനെ പാട്ടുകളുണ്ടാക്കി അപ്ലോഡ് ചെയ്യുന്നുണ്ട്. പ്രിയ ഗായകരായ ബംബ ബാക്കിയ, ഷാഹുല്‍ ഹമീദ് എന്നിവരുടെ ശബ്ദത്തില്‍ പാട്ടുകള്‍ സൃഷ്ടിച്ച് എ.ആര്. റഹ്മാന്പോലും വിവാദത്തില്‍പെടുകയും ചെയ്തു.
അദ്ദേഹത്തിന് അനുകൂലമായും എതിരായും സംഗീതപ്രേമികള്‍ നിരന്നു. ഇരു ഗായകരുടെയും കുടുംബങ്ങളുടെ അനുമതിയോടെ, കൃത്യമായ പ്രതിഫലം നല്‍കിയാണ് ആ സ്വരങ്ങള്‍ ഉപയോഗിച്ചതെന്ന് റഹ്മാന് വ്യക്തമാക്കിയിരുന്നു.
ശബ്ദം എന്നത് കോപ്പിറൈറ്റ് ചെയ്യപ്പെടേണ്ട സംഗതിയാണെന്നു പുതുതലമുറയിലെ ഗായകര്‍ പലരും അവകാശപ്പെടുന്നുണ്ട്. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരുടെയും ശബ്ദം ഉപയോഗിക്കുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങുകയെന്നത് ഏറ്റവും അടിസ്ഥാനപരമാണ്. ഒരു ഗായകന് അല്ലെങ്കില്‍ ഗായിക വര്‍ഷങ്ങളുടെ പരിശീലനംകൊണ്ട് തേച്ചുമിനുക്കിയെടുത്തതാവണമല്ലോ സ്വന്തം ശബ്ദം.
ഭാവി, ഭാവം എന്നിവ
സംഗീതരംഗത്ത് എഐക്കു വലിയ ഭാവിയുണ്ടെന്നു കരുതപ്പെടുമ്പോഴും ഒരു മനുഷ്യന് നല്കുന്ന ഭാവം അതേ പൂര്‍ണതയോടെ നല്കാന് അതിനു കഴിയില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവര്‍ ധാരാളം. ഗായരുടെ ശബ്ദംകൊണ്ടോ ശ്വാസംകൊണ്ടോ ഉള്ള ഒരൊറ്റ മിനുക്കത്താല് വേറെ ലെവലില്‍ എത്തിയ എത്രയോ പാട്ടുകളുണ്ട്.
അതുകൊണ്ടുതന്നെ ലൈവ് മ്യൂസിക് ഷോകള്‍ക്കു കൂടുതല്‍ പ്രാധാന്യം വരുമെന്നു വിശ്വസിക്കുന്നവരുമേറെ. അവിടെയും മുമ്പു റിക്കാര്ഡ്ചെയ്തുവച്ച ട്രാക്ക് കേള്‍പ്പിച്ച് ചുണ്ടനക്കി പറ്റിക്കുന്നവരുടെ കാലമാണ്. പക്ഷേ, ഒന്നുറപ്പ്- പഴയ കാലമല്ല, കേള്‍വിക്കാര്‍ തിരിച്ചറിയും.. അവര്‍ ഉച്ചത്തില്‍ കൂവും.
എന്തായാലും സാങ്കേതികവിദ്യയ്ക്ക് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുണ്ടെന്നുറപ്പ്. അതു സത്യസന്ധതയോടെ ഉപയോഗിക്കുക എന്നതാണു മുഖ്യം. മനുഷ്യന്റെ ഭാവസ്പര്‍ശങ്ങള്‍ അവയ്ക്കു സാധ്യമല്ലാത്തിടത്തോളം കാലം കലാസൃഷ്ടികളെ കൂടുതല്‍ സുന്ദരമാക്കാന്‍ എഐ ടൂളുകള്‍ക്കു കഴിയട്ടെ.
അടുത്തയിടെ ശ്രദ്ധേയമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു യന്ത്രത്തില്‍ ഘടിപ്പിച്ച വയലിന് അതിസുന്ദരമായ കീര്‍ത്തനം കേള്‍പ്പിക്കുന്നു. ഒരു മാന്ത്രിക സംഗീതജ്ഞനെപ്പോലെ യന്ത്രക്കൈ ബോ ചലിപ്പിക്കുന്നു., ഒരൊറ്റ സ്വരംപോലും തെറ്റാതെ. കീര്ത്തനമവസാനിച്ചപ്പോള് ഒരു സംശയം ബാക്കിയായി- ആ യന്ത്രമാണോ അതോ വീഡിയോ ആണോ എഐയുടെ സൃഷ്ടി?!
ഹരിപ്രസാദ്