യുവാക്കളിലെ കുഴഞ്ഞുവീണുള്ള മരണം: കോവിഡ് വാക്സിൻ കാരണമല്ലെന്ന് ആരോഗ്യമന്ത്രാലയം
Thursday, July 3, 2025 1:57 AM IST
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ മൂലമാണ് യുവാക്കളിൽ കുഴഞ്ഞുവീണുള്ള മരണം സംഭവിക്കുന്നത് എന്നത് തെറ്റിദ്ധാരണയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് കാരണമെന്നാണ് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും സംയുക്തമായി നടത്തിയ പഠനം ഇതു വ്യക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മരണകാരണം വാക്സിനേഷനാണെന്നുള്ള ആരോപണങ്ങൾക്ക് ശാസ്ത്രീയ സമവായത്തിന്റെ പിന്തുണയില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കർണാടകയിൽ ഒരു മാസത്തിനിടെ 20 പേർ ഹൃദയാഘാതത്തെത്തുടർന്നുമരിച്ച സംഭവത്തിനു പിന്നിൽ കോവിഡ് വാക്സിനാണെന്ന സംശയം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നയിച്ചതോടെയാണ് വിശദീകരണമുണ്ടായത്.
അതിവേഗത്തിൽ കോവിഡ് വാക്സിന് അനുമതി നൽകി വിതരണം ചെയ്തത് ചിലപ്പോൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്നും വാക്സിനുകളുടെ പാർശ്വഫലങ്ങൾ പഠിക്കുന്നതിനായി ഒരു പാനൽ രൂപീകരിക്കുന്നതായും സിദ്ധരാമയ്യ എക്സിൽ കുറിച്ചിരുന്നു. പിന്നാലെയാണ് സംയുക്ത പഠനം ചൂണ്ടിക്കാട്ടി കേന്ദ്രം രംഗത്തുവന്നത്.
19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളിലാണ് എയിംസുമായി സഹകരിച്ച് ഐസിഎംആർ പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാനായിരുന്ന, എന്നാൽ പെട്ടെന്നു മരിച്ച വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.
2023 മേയ് മുതൽ ഓഗസ്റ്റ് വരെയും ഇത്തരത്തിൽ പഠനം നടത്തിയിരുന്നു. ജനിതകരോഗ സാധ്യത, ജീവിതശൈലി, മുന്‍പുണ്ടായിരുന്ന അവസ്ഥകൾ, കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്കു കാരണമാകാമെന്നാണ് പഠനത്തിന്റെ കണ്ടെത്തൽ. ഈ വിഷയത്തിൽ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളും (എൻസിഡിസി) ഗവേഷണങ്ങൾ തുടർന്നുവരികയാണ്.
ഹാസനിലെ ഹൃദയാഘാത മരണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ
ബംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ 40 ദിവസത്തിനിടെ 21 പേർ ഹൃദയാഘാതം മൂലം മരിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ കർണാടക സർക്കാരിന്റെ ഉത്തരവ്.
ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് വാക്സിനുമായി ബന്ധമുണ്ടെന്ന ആരോപണവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചു.
വാക്സിനേഷനു ശേഷമുള്ള ഫലങ്ങളും സംസ്ഥാനവ്യാപകമായി ചെറുപ്പക്കാരുടെ അകാലമരണവും പഠിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽത്തന്നെ ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരടങ്ങിയ സമിതിയോട് നിർദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മേയ് 28നും ജൂൺ 30നും ഇടയിലാണു ഹാസൻ ജില്ലയിൽ തുടർച്ചയായി യുവാക്കളുടെ മരണം സംഭവിച്ചത്. ഒരു ദിവസംതന്നെ ജില്ലയിൽ മൂന്നു പേർ വരെ ഹൃദയാഘാതം മൂലം മരിച്ച സംഭവങ്ങളുണ്ടായിരുന്നു. മരിച്ചവരിൽ ഒൻപത് പേർ 30 വയസിൽ താഴെ പ്രായമുള്ളവരായിരുന്നു. 14 പേർ വീട്ടിൽവച്ചുതന്നെയാണ് മരിച്ചത്.
ഇവരിൽ പലർക്കും ഹൃദയാഘാതത്തിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നുവെന്നതു മരണകാരണം മറ്റെന്തെങ്കിലുമായിരുന്നോ എന്ന സംശയവും ഉയർത്തിയിട്ടുണ്ട്. ഇക്കാര്യവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തും.
ബംഗളൂരുവിലെ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ഡയറക്ടർ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സമിതി രൂപവത്കരിച്ചിട്ടുള്ളത്. സംഭവത്തിന്റെ അടിയന്തര പ്രാധാന്യം മുൻനിർത്തി 10 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.