മോഹൻലാലിനോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും അനുചിതവും മര്യാദകേടും: വി.ടി. ബല്‍റാം
Wednesday, July 2, 2025 12:49 PM IST
മോഹൻലാലിന്റെ കണ്ണിൽ ചാനൽ മൈക്ക് തട്ടിയ സംഭവത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി.ടി. ബല്‍റാം. മോഹന്‍ലാലിനോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും അനുചിതവും മര്യാദകേടുമാണെന്ന് വി.ടി. ബൽറാം പറയുന്നു.
""ഒരാൾക്ക് ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ താത്പര്യമില്ലെങ്കിൽ അയാളെ നിർബന്ധിച്ച് പ്രതികരിപ്പിക്കേണ്ട കാര്യമെന്താണ്? മോഹൻലാൽ ഭരണഘടനാപരമായോ നിയമപരമായോ ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും ഔദ്യോഗിക പദവി വഹിക്കുന്നയാളല്ല, ഒരു കലാകാരനാണ്, സിനിമാ അഭിനേതാക്കളുടെ മാത്രം സംഘടനയുടെ ഭാരവാഹിയാണ്.
അതുകൊണ്ടുതന്നെ ചാനലുകളോട് പ്രതികരിക്കണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ആ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക തന്നെ വേണം. അദ്ദേഹത്തോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും അനുചിതവും മര്യാദകേടുമാണ്.’’വി.ടി. ബൽറാം പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതിന് ഇടയിലാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്.
പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയിൽ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ താരത്തെ സമീപിച്ചു. മാധ്യമപ്രവർത്തകരോടു സംസാരിച്ചു കാറിൽ കയറുന്നതിന് ഇടയിലാണ് ഒരു ചാനൽ മൈക്ക് താരത്തിന്റെ കണ്ണിൽ കൊണ്ടത്.
‘എന്താ മോനേ... ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹൻലാൽ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. കനത്ത പോലീസ് കാവലിനിടെയായിരുന്നു സംഭവം. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്.