വനിതാ ട്വന്റി-20 ലോകകപ്പിൽ നിർണായക പോരാട്ടത്തിന് ഇന്ത്യ
Wednesday, October 9, 2024 12:41 AM IST
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ നിർണായക മത്സരത്തിനു ടീം ഇന്ത്യ ഇറങ്ങുന്നു. ഗ്രൂപ്പ് എയിൽ ശ്രീലങ്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ഇന്നത്തെ മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ഈ ഉപഭൂഖണ്ഡപ്പോരാട്ടം അരങ്ങേറും.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടു പരാജയപ്പെട്ട ഇന്ത്യ, രണ്ടാം മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു. അതേസമയം, കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്ക ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
നോക്കൗട്ടിനു ജയം വേണം
ഇന്ത്യയുടെ നോക്കൗട്ട് സ്വപ്നങ്ങൾക്കു ക്ഷതമേൽക്കാതിരിക്കാൻ ഇന്നു ജയം അനിവാര്യമാണ്. ഗ്രൂപ്പ് എയിൽ പാക്കിസ്ഥാൻ അടക്കമുള്ള ടീമുകളുടെ നെറ്റ് റണ്‍റേറ്റ് പ്ലസ് ആണെന്നതും ശ്രദ്ധേയം. ഇന്ത്യയുടേത് (-1.217) മൈനസാണ്. ന്യൂസിലൻഡിനോട് 58 റണ്‍സിന്റെ തോൽവി വഴങ്ങിയതാണ് ഇന്ത്യക്കു തിരിച്ചടിയായത്. അതുകൊണ്ടുതന്നെ ഇന്ത്യക്കിന്നു ജയം അനിവാര്യമാണ്.
ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഫീൽഡിംഗാണ്. മലയാളി താരം ആശ ശോഭന ക്യാച്ചുകൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ബൗളിംഗ് ഭേദപ്പെട്ടതായിരുന്നു. ആശ ശോഭന ഒരു വിക്കറ്റ് നേടിയപ്പോൾ അരുന്ധതി റെഡ്ഡിയായിരുന്നു (3/19) ആക്രമണം മുന്നിൽനിന്നു നയിച്ചത്.
സ്മൃതിയുടെ ഫോം
ഓപ്പണർ സ്മൃതി മന്ദാനയുടെ മോശം ഫോം ആദ്യരണ്ടു മത്സരങ്ങളിലും ഇന്ത്യക്കു തിരിച്ചടിയായി. ന്യൂസിലൻഡിനെതിരേ 12ഉം പാക്കിസ്ഥാനെതിരേ ഏഴുമായിരുന്നു സ്മൃതിയുടെ സ്കോർ.
പാക്കിസ്ഥാനെതിരേ വയനാടു സ്വദേശിനിയായ എസ്. സജനയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി ബാറ്റിംഗിന്റെ ശക്തി ഇന്ത്യ വർധിപ്പിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഇന്നത്തെ മത്സരത്തിലും സജന പ്ലേയിംഗ് ഇലവനിൽ ഉണ്ടായേക്കും.
ജൂലൈയിൽ നടന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിനു കീഴടക്കി ശ്രീലങ്ക ചാന്പ്യന്മാരായിരുന്നു. അതിന്റെ കണക്കു തീർക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ഇന്നുള്ളത്.