ക്രിസ്റ്റ്യാനോ ഗോവയില്‍ കളിച്ചേക്കും
Sunday, September 14, 2025 2:26 AM IST
റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനുള്ള സാധ്യത തെളിയുന്നതായി റിപ്പോര്‍ട്ട്.
സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ താരമായ ക്രിസ്റ്റ്യാനോയെ ഏഷ്യ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍, ഇതും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ക്ലബ്ബായ എഫ്സി ഗോവയ്ക്ക് എതിരേ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് (എസിഎല് 2) പോരാട്ടത്തിനായാണ് റൊണാള്‍ഡോ ഇന്ത്യയില്‍ എത്താനുള്ള സാധ്യത തെളിയുന്നത്.
റൊണാള്‍ഡോയ്ക്ക് ഒപ്പം സാദിയൊ മാനം, ജാവൊ ഫെലിക്സ്, കിങ്സ് ലി കോമന് തുടങ്ങിയ സൂപ്പര്‍ താരങ്ങളും അല്‍ നസര്‍ എഫ്സിക്ക് ഒപ്പം ഇന്ത്യയിലെത്തിയേക്കും. ഗോവയില്‍ എഫ്സി ഗോവയും അല്‍ നസ്റും തമ്മിലുള്ള ചാന്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരം ഒക്ടോബര്‍ 22നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അല്‍ നസര്‍ എഫ്സി. പോട്ട് മൂന്നില്‍ മോഹന്‍ ബഗാനും നാലില്‍ ഗോവയുമായിരുന്നു. നറുക്കെടുപ്പില്‍ അല്‍ നസ്റും എഫ്സി ഗോവയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു.