ത്രീ ലയണ്‍സ് ചരിത്രം; 300
Sunday, September 14, 2025 2:26 AM IST
ഓള്‍ഡ്ട്രാഫോഡ്: ട്വന്റി-20 ക്രിക്കറ്റില്‍ 300 റണ്‍സ് എന്ന ചരിത്രം കുറിച്ച് ത്രീ ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തിലാണ് ഇംഗ്ലണ്ട് ഈ ചരിത്ര നേട്ടം കുറിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ട് 146 റണ്‍സിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 304 റണ്‍സ് എടുത്തു. തുടര്‍ന്ന് 16.1 ഓവറില്‍ 158 റണ്‍സിന് ദക്ഷിണാഫ്രിക്കയെ 158 റണ്‍സിന് എറിഞ്ഞിട്ടു.
ഫില്‍ സാള്‍ട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ട് സ്കോര്‍ മുന്നൂറ് കടത്തിയത്. സാള്‍ട്ട് 60 പന്തില്‍ നിന്ന് 141 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 15 ഫോറുകളും എട്ട് സിക്സറുമടങ്ങുന്നതായിരുന്നു ഫില്‍ സാള്‍ട്ടിന്റെ ഇന്നിംഗ്സ്. ഒരു ഇംഗ്ലണ്ട് താരത്തിന്റെ അതിവേഗ സെഞ്ചുറിയും മത്സരത്തില്‍ സാള്‍ട്ട് കുറിച്ചു. ജോസ് ബട്ലര് 30 പന്തില്‍ നിന്ന് 83 റണ്‍സെടുത്തു. ജേക്കബ് ബെത്തല്‍ (26), ഹാരി ബ്രൂക്ക് (41) എന്നിവരും ഇംഗ്ലണ്ട് സ്കോറിലേക്ക് സംഭാവന നല്കി.
മത്സരത്തില്‍ 12.1 ഓവറിലാണ് ഇംഗ്ലണ്ട് 200 റണ്‍സിലെത്തിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഇതും റിക്കാര്‍ഡാണ്. ട്വന്റി-20യില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ജയമാണിത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള മൂന്നാമത്തെ വലിയ ട്വന്റി-20 ജയവും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വലിയ ടീം ടോട്ടലാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
344 റണ്‍സെടുത്ത സിംബാബ്വെയാണ് പട്ടികയില്‍ ഒന്നാമത്. എന്നാല്‍, ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റേത് റിക്കാര്‍ഡ് സ്കോറാണ്. 297 റണ്‍സെടുത്ത ഇന്ത്യയുടെ റിക്കാഡാണ് ഇംഗ്ലണ്ട് മറികടന്നത്.