ഇരട്ട ഫൈനൽ
Sunday, September 14, 2025 2:26 AM IST
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ 500 ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ പുരുഷ ബാഡ്മിന്റന്‍ ഡബിള്‍സ് ജോഡിയായ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം.
സെമിഫൈനലില്‍ ചൈനീസ് തായ് പേയിയുടെ ലിന്- ചെന്ന് ജോഡിയെ 21-17, 21-15 നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശനം. ആറ് സെമിഫൈനല്‍ തോല്‍വികള്‍ക്കു ശേഷമാണ് സീസണിലെ ആദ്യ ഫൈനലില്‍ ഇരുവരും കടക്കുന്നത്.
എട്ടാം സീഡായ ഇന്ത്യന്‍ സഖ്യം ചൈനയുടെ ലിയാങ് വെയ്കെങ്-വാങ് ചാങ് സഖ്യത്തെ ഇന്ന് നടക്കുന്ന ഫൈനലില്‍ നേരിടും. വൈകുന്നേരം 3.30നാണ് മത്സരം.
സെമിയിലെ ആദ്യ ഗെയിമില്‍ ഇരു ജോഡികളും 3-3, 6-6 സ്കോറില്‍ തുല്ല്യത പാലിച്ചു. സാത്വിക്കിന്റെ തകര്‍പ്പന്‍ സ്മാഷുകളും ചിരാഗിന്റെ മികച്ച ഇന്റര്സെപ്റ്റുകളും മത്സരം ഇന്ത്യന്‍ സഖ്യത്തിന് അനുകൂലമാക്കി. തുല്ല്യതയില്നിന്ന് 11-8 എന്ന നിലയില്‍ ഇന്ത്യന്‍ സഖ്യം മുന്നിലെത്തി.
തായ്വാന് സഖ്യം 12-12ന് വീണ്ടും സമനില പിടിച്ചെങ്കിലും ഇന്ത്യന്‍ സഖ്യം സമ്മര്‍ദത്തില്‍ വീഴാതെ 15-12ന് മുന്നിലെത്തുകയും ആദ്യ ഗെയിം സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം ഗെയിമില്‍ ലിന്- ചെന്‍ സഖ്യം കരുത്തോടെ തുടങ്ങി. 4-2ന് മുന്നിലെത്തി. എന്നാല്‍ ഇന്ത്യന്‍ സഖ്യം തിരിച്ചടിച്ചു. 6-6 സമനില വീണ്ടെടുത്തു. 10-8ന് ലിന്- ചെന്‍ സഖ്യം വീണ്ടും മുന്നിലെത്തി. 12-12ന് സമനില പിടിച്ച സാത്വിക്- ചിരാഗ് സഖ്യം 19-15ന് ലീഡ് നേടി ഗെയിം സ്വന്തമാക്കി ഫൈനല്‍ പ്രവേശനം ഉറപ്പിച്ചു.
ലക്ഷ്യത്തിലേക്ക് ലക്ഷ്യ സെന്‍
പുരുഷ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ ചൈനീസ് തായ് പേയിയുടെ ലോക ആറാം നമ്പര്‍ താരം ചൗ ടിയാന്-ചെന്നെ 23-21, 22-20 നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. ചൈനയുടെ ലോക നാലാം നമ്പര്‍ താരമായ ലി ഷിഫെങ്ങാണ് ഫൈനലില്‍ ലക്ഷ്യ സെന്നിന്റെ എതിരാളി.