തന്ത്രം ജയസൂര്യ വക
Tuesday, October 8, 2024 1:13 AM IST
കൊളംബൊ: ശ്രീലങ്കൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുൻതാരം സനത് ജയസൂര്യയെ നിയമിച്ചു. ശ്രീലങ്ക ക്രിക്കറ്റാണ് (എസ്എൽസി) ഇക്കാര്യം അറിയിച്ചത്. ലങ്കൻ ടീമിന്റെ ഇടക്കാല പരിശീലകനായി ജയസൂര്യ തുടരുന്നതിനിടെയാണ് പുതിയ നിയമനം.
ഇടക്കാല പരിശീലകനായ ജയസൂര്യയുടെ ശിക്ഷണത്തിൽ ഇന്ത്യക്കെതിരേ 27 വർഷത്തിനുശേഷം ഏകദിന പരന്പര, ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിനെതിരേ 10 വർഷത്തിനുശേഷം ടെസ്റ്റ് ജയം, ന്യൂസിലൻഡിനെതിരേ ഹോം ടെസ്റ്റ് പരന്പര (2-0) തുടങ്ങിയ നേട്ടങ്ങൾ ശ്രീലങ്ക കൈവരിച്ചു. 2026 മാർച്ച് 31 വരെയാണ് ശ്രീലങ്ക ക്രിക്കറ്റ് ജയസൂര്യയെ മുഖ്യപരിശീലകനാക്കിയിരിക്കുന്നത്.
1989-2011 കാലഘട്ടത്തിൽ ശ്രീലങ്കയ്ക്കുവേണ്ടി ഇറങ്ങിയ ജയസൂര്യ, 110 ടെസ്റ്റിൽനിന്ന് 6973 റണ്‍സും 98 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തിൽ 445 മത്സരങ്ങളിൽനിന്ന് 13,430 റണ്‍സും 323 വിക്കറ്റും 31 ട്വന്റി-20യിൽനിന്ന് 629 റണ്‍സും 19 വിക്കറ്റും നേടിയിട്ടുണ്ട്.