മെസിക്കൊപ്പം ലെവൻ
Tuesday, October 8, 2024 1:13 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയുടെ മുൻതാരം ലയണൽ മെസിയുടെ റിക്കാർഡിനൊപ്പം റോബർട്ട് ലെവൻഡോവ്സ്കി. അലാവെസിനെതിരേ ബാഴ്സലോണ 3-0ന്റെ ജയം സ്വന്തമാക്കിയപ്പോൾ, ലെവൻഡോവ്സ്കിയുടെ വകയായിരുന്നു മൂന്നു ഗോളും. 7, 22, 32 മിനിറ്റുകളിലായിരുന്നു ലെവൻ വലകുലുക്കിയത്. ഇതോടെ ലാ ലിഗയിൽ പോളണ്ട് താരത്തിന്റെ ആകെ ഗോൾനേട്ടം 50 ആയി.
മുപ്പതുവയസിനുശേഷം ബാഴ്സയ്ക്കുവേണ്ടി 50ൽ കൂടുതൽ ഗോൾ നേടിയതിൽ ലയണൽ മെസി (125 ഗോൾ), ലൂയിസ് സുവാരസ് (76), സെസർ റോഡ്രിഗസ് (65), ഖ്വിനി (53) എന്നിവർക്കൊപ്പം ലെവൻഡോവ്സ്കി എത്തി. മാത്രമല്ല, ലാ ലിഗയിൽ ബാഴ്സയ്ക്കുവേണ്ടി ലയണൽ മെസിക്കുശേഷം (2020 ഫെബ്രുവരി) ആദ്യപകുതിയിൽ ഹാട്രിക് നേടുന്ന താരവുമായി ലെവൻ.
സെവിയ്യ 1-0നു ബെറ്റിസിനെയും ജിറോണ 2-1നു ബിൽബാവോയെയും തോൽപ്പിച്ചു. സോസിഡാഡും അത്ലറ്റിക്കോയും 1-1 സമനിലയിൽ പിരിഞ്ഞു.
ലീഗിൽ ഒന്പതു മത്സരങ്ങൾ പൂർത്തിയായപ്പോൾ 24 പോയിന്റുമായി ബാഴ്സലോണ ഒന്നാമതു തുടരുന്നു. റയൽ മാഡ്രിഡ് (21), അത്ലറ്റിക്കോ (17), വിയ്യാറയൽ (17) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.