ഇന്ത്യൻ വിജയം
Monday, October 7, 2024 1:06 AM IST
ദുബായ്: 2024 ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെ കീഴ്പ്പെടുത്തി ഇന്ത്യ ആദ്യ ജയം സ്വന്തമാക്കി. ഗ്രൂപ്പ് എയിൽ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ ആറു വിക്കറ്റിനു കീഴടക്കി. സ്കോർ: പാക്കിസ്ഥാൻ 105/8. ഇന്ത്യ 18.5 ഓവറിൽ 108/4. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ആശാ ശോഭന ഇടംപിടിച്ചു. മറ്റൊരു മലയാളിയായ സജന സജീവനെയും ടീമിൽ ഉൾപ്പെടുത്തി. ആശ തുടർച്ചയായ രണ്ടാം മത്സരത്തിലും വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാനെ മൂന്നു വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഢിയും (4-0-19-3) രണ്ടു വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീലുമാണ് (4-1-12-2) തകർത്തത്. അരുന്ധതിയാണ് പ്ലയർ ഓഫ് ദ മാച്ച്.
പാക്കിസ്ഥാന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി. പാക്ക് സ്കോർബോർഡിൽ ഒരു റണ്‍ മാത്രമുള്ളപ്പോൾ, റണ്ണൊന്നുമെടുക്കാതെ നിന്ന ഗുൽ ഫിറോസയെ രേണുക സിംഗ് ക്ലീൻബൗൾഡാക്കി. പിന്നീടാണു പാക്കിസ്ഥാൻ ഇന്നിംഗ്സിലെ മികച്ച രണ്ടാമത്തെ കൂട്ടുകെട്ട് പിറന്നത്. മുനീബി അലിയും സിദ്ര അമിനും 24 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. സിദ്രയെ (എട്ട്) ദീപ്തി ശർമ ക്ലീൻബൗൾഡാക്കി. പത്തോവർ പൂർത്തിയായപ്പോൾ പാക്കിസ്ഥാൻ നാലു വിക്കറ്റിന് 41 റണ്‍സ് എന്ന നിലയിലായി. ഇതിനിടെ മുനീബ (17) യുടെ വിക്കറ്റ് ശ്രേയങ്ക പാട്ടീൽ സ്വന്തമാക്കി. പിന്നീട് നിദ ദർ (28), സെയ്ദ അരൂബ് ഷ (14 നോട്ടൗട്ട്), ഫാത്തിമ സന (13) എന്നിവരുടെ പ്രകടനങ്ങളാണു പാക്കിസ്ഥാന്റെ സ്കോർ നൂറു കടത്തിയത്. രേണുക സിംഗ്, ദീപ്തി ശർമ, ആശാ ശോഭന എന്നിവർ ഒരു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ 4.3 ഓവറിൽ ഇന്ത്യയുടെ സ്കോർബോർഡിൽ 18 റണ്‍സുള്ളപ്പോൾ സ്മൃതി മന്ദാനയെ (ഏഴ്) നഷ്ടമായി. എന്നാൽ ഷഫാലി വർമ-ജെമിമ റോഡ്രിഗസ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 43 റണ്‍സാണ് ഇവരും ചേർന്നെടുത്തത്. സ്കോർബോർഡിൽ 61 റണ്‍സുള്ളപ്പോൾ ഷഫാലി (35 പന്തിൽ 32) ഒമൈമ സൊഹൈലിന്റെ പന്തിൽ അലിയ റിയാസിനു ക്യാച്ച് നല്കി മടങ്ങി. പിന്നീടെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ചെറിയൊരു കൂട്ടുകെട്ടിനുശേഷം ജെമിമ പിരിഞ്ഞു. 28 പന്തിൽ 23 റണ്‍സ് നേടിയ ജെമിമ 15.2-ാം ഓവറിൽ ഫാത്തിമ സനയുടെ പന്തിൽ പുറത്തായി. അപ്പോൾ സ്കോർബോർഡിൽ 80 റണ്‍സ്. അടുത്ത പന്തിൽ റിച്ച ഘോഷും പുറത്തായതോടെ ഇന്ത്യ ചെറുതായി പേടിച്ചു. എന്നാൽ, ഹർമൻപ്രീതിനൊപ്പം ദീപ്തി ശർമ ചേർന്നതോടെ ഇന്ത്യ ജയത്തോട് അടുത്തു. 19-ാം ഓവറിൽ ജയത്തിനു നാലു റണ്‍സ് അകലെ വച്ച് ഹർമൻപ്രീത് (29) പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങി. പകരമെത്തിയ സജന സജീവൻ സജന നേരിട്ട പന്ത് ബൗണ്ടറിയിലെത്തിച്ച് വിജയ റണ്‍ കുറിച്ചു.
രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ആറു വിക്കറ്റുകൾക്ക് സ്കോട്ലൻഡിനെ പരാജയപ്പെടുത്തി.
സ്കോർബോർഡ്
മുനീബ അലി സ്റ്റംപ്ഡ് ഘോഷ് ബി പട്ടീൽ 17, ഗുൽ ഫിറോസ ബി രേണുക സിംഗ് 0, സിദ്ര ബി ശർമ 8, ഒമൈമ സൊഹൈൽ സി ഷഫാലി വർമ ബി റെഡ്ഢി 3, നിദ ദർ ബി റെഡ്ഢി 28, അലിയ റിയാസ് എൽബിഡബ്ല്യു ബി റെഡ്ഢി 4, ഫാത്തിമ സന സി ഘോഷ് ബി ആശ 13, തുബ ഹസൻ സി ഷഫാലി വർമ ബി പട്ടീൽ 0, സെയ്ദ അരൂബ് നോട്ടൗട്ട് 14, നഷ്റ സന്ധു നോട്ടൗട്ട് 6, എക്സ്ട്രാസ് 12, ആകെ 20 ഓവറിൽ 105/8.
ബൗളിംഗ്
രേണുക സിംഗ് 4-0-23-1, ദീപ്തി ശർമ 4-0-24-1, അരുന്ധതി റെഡ്ഢി 4-0-19-3, ശ്രേയങ്ക പട്ടീൽ 4-1-12-2, ആശ ശോഭന 4-0-24-1
ഇന്ത്യ
ഷഫാലി വർമ സി അലിയ റിയസ് ബി ഒമൈമ സൊഹൈൽ 32, സ്മൃതി സി തുബ ഹസൻ ബി സാദിയ ഇക്ബാൽ 7, ജെമിമ സി മുനീബ അലി ബി ഫാത്തിമ സന 23, ഹർമൻപ്രീത് കൗർ റിട്ടയേഡ് ഹർട്ട് 29, റിച്ച ഘോഷ് സി മുനീബ അലി ബി ഫാത്തിമ സന 0, ദീപ്തി ശർമ നോട്ടൗട്ട് 7, സജന സജീവൻ നോട്ടൗട്ട് 4, എക്സ്ട്രാസ് 6, ആകെ 18.5 ഓവറിൽ 108/4.
ബൗളിംഗ്
ഫാത്തിമ സന 4-0-23-2, സാദിയ 4-0-23-1, നിദ 1.5-0-10-0, ഒമൈന 3-0-17-1, നഷ്റ സന്ധു 4-0-21-0, തുബ ഹസൻ 2-0-14-0