10 വർഷത്തിനുശേഷം ബംഗ്ല ജയം
Friday, October 4, 2024 3:45 AM IST
ഷാർജ: 2024 ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശിനു ജയം. വാശിയേറിയ പോരാട്ടത്തിൽ ബംഗ്ലാദേശ് 16 റണ്‍സിനു സ്കോട്ലൻഡിനെ കീഴടക്കി. സ്കോർ: ബംഗ്ലാദേശ് 119/7. സ്കോട്ലൻഡ് 103/7. മത്സരത്തിൽ 222 റണ്‍സ് പിറന്നതോടെ മറ്റൊരു റിക്കാർഡ് കുറിക്കപ്പെട്ടു. ഇരുടീമും തമ്മിലുള്ള നേർക്കുനേർ പോരാട്ട ചരിത്രത്തിൽ ഇത്രയും റണ്‍സ് പിറക്കുന്നത് ഇതാദ്യമാണ്. 2014നുശേഷം ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ ആദ്യ ജയമാണെന്നതും ശ്രദ്ധേയം.
ബംഗ്ലാദേശിനുവേണ്ടി ശോഭന മോസ്റ്ററി (38 പന്തിൽ 36) ടോപ് സ്കോററായി. ഓപ്പണർ ശാതി റാണി 29ഉം ക്യാപ്റ്റൻ നിഗർ സുൽത്താന 18ഉം റണ്‍സ് നേടി. മറുപടിക്കിറങ്ങിയ സ്കോട്ലൻഡിനുവേണ്ടി വിക്കറ്റ് കീപ്പർ ബാറ്ററായ സാറ ബ്രെയ്സ് (52 പന്തിൽ 49) പ്രത്യാക്രമണം നയിച്ചു. എന്നാൽ, കാര്യമായ പിന്തുണ ലഭിക്കാതിരുന്നതോടെ ബ്രെയ്സിന്റെ പോരാട്ടം വെള്ളത്തിലായി. നാല് ഓവറിൽ 15 റണ്‍സിനു രണ്ടു വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശിന്റെ റിതു മോനിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
എറിഞ്ഞിട്ട് പാക്കിസ്ഥാന്
വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന് ശ്രീലങ്കയെ എറിഞ്ഞിട്ടു. ലങ്കയ്ക്കെതിരേ 31 റണ്‍സ് ജയം പാക്കിസ്ഥാന് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 20 ഓവറില്‍ 116 റണ്‍സ് നേടി. ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.